കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സുരക്ഷാവലയത്തിൽ
1 min read

കണ്ണൂർ: കാട്ടാന ആക്രമത്തിൽ സാരമായി പരിക്കേറ്റ മാവോവാദി സുരേഷിനെ ചികിത്സക്കായി പ്രവേശിപ്പിച്ചതോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി കനത്ത പോലീസ് വലയത്തിലായി. ജില്ലാ പോലീസ് മേധാവിയുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം പരിയാരത്തെത്തി. തണ്ടർബോൾട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. രോഗികളെയും കൂട്ടിരിപ്പുകാരെയും കർശന നിയന്ത്രണത്തോടെ പ്രത്യേക വഴിയിലൂടെയാണ് കടത്തി വിടുന്നത്. പൊതു ജനങ്ങളെ പൂർണമായും പരിസരത്ത് നിന്ന് മാറ്റി. സുരേഷിനെ എത്തിക്കും മുൻപ് തന്നെ ആസ്പത്രി പരിസരത്ത് പോലീസ് നിലയുറപ്പിച്ചിരുന്നു. അത്യാഹിത വിഭാഗത്തിൽ എത്തിച്ച ഇയാളെ പ്രത്യേക സുരക്ഷയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവിടെയും കാവലുണ്ട്.
