കൊതുക് ബാറ്റ്, സോളാർ ലൈറ്റ്’; യാത്രക്കാരന്‍റെ ബാഗിൽ കസ്റ്റംസിന് സംശയം, അകത്ത് 25 ലക്ഷത്തിന്‍റെ സ്വർണ്ണം
1 min read

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 25 ലക്ഷം രൂപയുടെ സ്വർണ്ണവുമായെത്തിയ ആളെ കസ്റ്റംസ് പിടികൂടി. കരിപ്പൂർ സ്വദേശി സിദ്ധിക്ക് വിളക്കകത്താണു സ്വർണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. സോളാർ ലൈറ്റിലും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. 25ലക്ഷം രൂപ വിലവരുന്ന 399ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.സിദ്ധിഖിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലുണ്ടായിരുന്ന ഇലക്ട്രോണിക് വസ്തുക്കൾ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരിൽ സ്വർണ്ണം പിടികൂടിയിരുന്നു. കസ്റ്റംസും പൊലീസും ഡിആർഐയും ചേർന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വർണമാണ് രണ്ടുദിവസത്തിനിടെ പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണ്ണവുമായി ഒരാൾ പിടിയിലാകുന്നത്.
