ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിൽ
1 min read

രാജ്യത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേരളം ഏറെ മുന്നില്‍. സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവ് തെളിയിക്കുന്നത്. സ്ത്രീകള്‍, പട്ടികജാതി പട്ടിക വര്‍ഗം തുടങ്ങിയ വിഭാഗങ്ങള്‍ ആര്‍ജിച്ച വിദ്യാഭ്യാസ നേട്ടങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാള്‍ ഏറെ മുന്നിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021-22ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ 41 ശതമാനമാണ്. ദേശീയ ശരാശരി 28.4 ശതമാനവും. കേരളത്തില്‍ ഒമ്പത് വര്‍ഷത്തിനിടെ 18.9 ശതമാനം വര്‍ധിച്ചപ്പോള്‍ ദേശീയതലത്തില്‍ വളര്‍ച്ച ഏഴ് ശതമാനം മാത്രമാണ്. 2012-13ല്‍ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുടെ എണ്ണം 25.8 ശതമാനമായിരുന്നു. 2021-22ല്‍ ഇത് 49 ശതമാനമായി. ദേശീയ ശരാശരിയില്‍ ഈ കാലയളവിലുണ്ടായ വര്‍ധന 4.7 ശതമാനം മാത്രമാണ്. ഉന്നതവിദ്യാഭ്യാസം നേടുന്ന ആണ്‍കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് 15.6 ശതമാനം വര്‍ധിച്ച് 34.10 ആയപ്പോള്‍ ദേശീയ ശരാശരി 5.6 ശതമാനം മാത്രം വര്‍ധിച്ച് 28.3ലാണ് എത്തിയത്. കേരളത്തില്‍ പട്ടിക വര്‍ഗക്കാരില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവര്‍ 2016-17ല്‍ 15.4 ശതമാനമായിരുന്നു. ഈ കാലയളവിലെ ദേശീയ ശരാശരി 18.3 ഉം. കേരളം പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി നടത്തിയ വിവിധ ഇടപെടലുകളിലൂടെ 2021–22ല്‍ ഇത് 28.9 ശതമാനമായി വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ ദേശീയ ശരാശരിയില്‍ 2.9 ശതമാനം മാത്രമാണ് വര്‍ധന. പട്ടികജാതി വിഭാഗത്തില്‍ കേരളത്തില്‍ 28.3 ശതമാനം പേര്‍ ഉന്നതവിദ്യാഭ്യാസം നേടുമ്പോള്‍ ദേശീയ ശരാശരി 25.9 ശതമാനം ആണ്. പട്ടികജാതി പെണ്‍കുട്ടികളുടെ കാര്യത്തില്‍ കേരളത്തില്‍ 36.8 ശതമാനവും ദേശീയ ശരാശരി വെറും 26 ശതമാനവുമാണ്. പട്ടികവര്‍ഗ പെണ്‍കുട്ടികളില്‍ കേരളത്തില്‍ 33.8ഉം ദേശീയ തലത്തില്‍ 20.9 ശതമാനവുമാണ്. കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഓള്‍ ഇന്ത്യ സര്‍വേ ഓണ്‍ ഹയര്‍ എഡ്യൂക്കേഷനില്‍നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അതേസമയം, നാക് അക്രഡിറ്റേഷനുകളിലും എന്‍ഐആര്‍എഫ് റാങ്കിങ്ങിലും കുതിക്കുന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 405 കോടി ധനസഹായം പ്രഖ്യാപിച്ചു. ‘പി എം ഉഷ പദ്ധതി’ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിലാണ് പണം ലഭ്യമാകുക.
