കീബോര്‍ഡ്ആര്‍ട്ടിസ്റ്റ് രഞ്ജു നേരിട്ടത് കൊടിയപീഡനം;തിരോധാനത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും പങ്കെന്ന് ആരോപണം

1 min read
SHARE

തിരുവനന്തപുരം: കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിന്‌റെ തിരോധാനത്തില്‍ ഭാര്യയ്ക്കും ഭാര്യാകുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രഞ്ജുവിന്‌റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത്. രഞ്ജുവുമായി പ്രശ്‌നമില്ലെന്ന ഭാര്യയുടേയും കുടുംബത്തിന്റെയും വാദം തെറ്റെന്ന് രഞ്ജുവിന്‌റെ കുടുംബം. രഞ്ജുവുമായി നിരന്തരം പ്രശ്‌നങ്ങളുണ്ടായിരുന്നു. രഞ്ജുവിന്റെ തിരോധാനത്തിന് പിന്നില്‍ ഭാര്യയും ഭാര്യാവീട്ടുകാരുമാണെന്നും രഞ്ജുവിന്‌റെ കുടുംബം ആരോപിച്ചു.ഭാര്യാ വീട്ടുകാര്‍ ശാരീരികമായും മാനസികമായും രഞ്ജുവിനെ പീഡിപ്പിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കളും ആരോപിക്കുന്നു. രഞ്ജുവിന്‌റെ പരിപാടി നടക്കുന്ന സ്ഥലത്ത് വെച്ചും രഞ്ജുവിനെ ഭാര്യാവീട്ടുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. ആറുമാസമായി രഞ്ജു ഭാര്യാവീട്ടില്‍ പോകാറില്ല. പേടികൊണ്ടാണ് പോകാത്തതെന്നും സുഹൃത്തുക്കള്‍ പറയുന്നു. അവസാനം പരിപാടി കഴിഞ്ഞു പോകുമ്പോള്‍ ഭാര്യാവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രഞ്ജു ഇറങ്ങിയത്. എന്നാല്‍ രഞ്ജു ഭാര്യാവീട്ടിലേക്ക് എത്തിയിട്ടില്ലെന്നും അതില്‍ ദുരൂഹതയുണ്ടെന്നും രഞ്ജുവിന്‌റെ സുഹൃത്തുക്കള്‍  പറഞ്ഞു.കോട്ടയം കഞ്ഞിക്കുഴി സ്വദേശി രഞ്ജു ജോണിനെ തിരുവനന്തപുരത്ത് നിന്നുമാണ് കാണാതായത്. രഞ്ജുവിനെ കാണ്മാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഏഴ് ദിവസം പിന്നിട്ടിട്ടും രഞ്ജു എവിടെയാണെന്ന് പൊലീസിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നവംബര്‍ മുതല്‍ ആലപ്പുഴയിലാണ് രഞ്ജു താമസിച്ചിരുന്നത്. ആലപ്പുഴ സൗത്ത് പൊലീസിന് പരാതി കൈമാറിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി രഞ്ജു പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിന്‍കര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.