ആറളത്ത് അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെ കിഫയുടെ പ്രതിഷേധ സമരം നാളെ കീഴ്പ്പള്ളിയിൽ
1 min read

ആറളം: ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെയും, ഈ വിഷയത്തിലെ സർക്കാർ അലംഭാവത്തിനെതിരെയും സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കീഴ്പ്പള്ളി ടൗണിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. ‘സമരപഥം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കീഴ്പ്പള്ളി ചാവറ പള്ളി കവലയിൽ ആരംഭിക്കുന്ന പ്രകടനത്തിലും തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിലും പ്രദേശവാസികളെ മുഴുവൻ അണിനിരത്തുമെന്ന് കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ അറിയിച്ചു.
ചതിരൂർ നീലായിൽ വളർത്തു മൃഗങ്ങളെ പിടിക്കുന്ന വന്യമൃഗം പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടും പുലിയെ കൂടു വെച്ചു പിടിക്കാനുള്ള നടപടിക്രമങ്ങൾ പാലിക്കാത്ത വനം വകുപ്പും, ഉറപ്പുകൾ പാലിക്കാത്ത മന്ത്രിയും ജനത്തെ വെല്ലുവിളിക്കുകയാണ്. ആറളം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇപ്പോൾ കടുവയെയും, പുലിയെയും സ്പോട്ട് ചെയ്യുന്നത് പതിവാണ്. കാട്ടാനകൾ ദിവസേന വൻ കൃഷിനാശമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ജനം പ്രതികരിക്കണമെന്നും, സമരപരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും കിഫ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് പ്രിൻസ് ദേവസ്യ പറഞ്ഞു
