അടൂർ പ്രകാശിന്റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല; കേസിൽ അപ്പീൽ നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാട്’; സണ്ണി ജോസഫ്

നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
അടൂർ പ്രകാശിന്റെ നിലപാട് കെപിസിസി അംഗീകരിക്കുന്നില്ല എന്നും കേസിൽ അപ്പീൽ നൽകണമെന്നാണ് കോൺഗ്രസിന്റെ നിലപാട് എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോടായി പറഞ്ഞു.
അടൂർ പ്രകാശിന്റെ അഭിപ്രായം വ്യക്തിപരമാണ്. വിധി മുഴുവനായി അദ്ദേഹം വായിച്ചുകാണില്ല. അതിജീവിതയും കേസിൽ അപ്പീൽ പോകണം. സർക്കാരിൻറെ വീഴ്ചകൾ ചൂണ്ടിക്കാട്ടി അതിജീവിത അപ്പീൽ നൽകണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും സണ്ണി ജോസഫ് പറഞ്ഞു.ഇന്ന് രാവിലെയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അതിജീവിതയെ അപമാനിച്ചുകൊണ്ടുള്ള പ്രസ്താവന യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയത്. ഇതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നിന്നടക്കം വലിയ വിമർശനമാണ് ഉയർന്നത്. കെപിസിസി പ്രസിഡന്റ് അടൂർ പ്രകാശിന്റെ പരാമർശം തള്ളിയതോടെ നിലപാട് തിരുത്തി അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തന്നെയാണ് താൻ പറഞ്ഞത് എന്നും താൻ അതിജീവിതയ്ക്കൊപ്പമാണ് എന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് വ്യക്തമാക്കി.

