April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 5, 2025

സ്കൂളിൽ പോയിട്ടില്ലാത്തതിനാൽ ജോലി കിട്ടിയില്ല; കടം വാങ്ങിയ 500 രൂപയിൽ നിന്നും 5 കോടിയുടെ ‘അച്ചാർ സാമ്രാജ്യം’ കെട്ടിപ്പടുത്ത കൃഷ്ണയുടെ കഥ

1 min read
SHARE

വിദ്യാഭ്യാസം കുറഞ്ഞു പോയി എന്നതിനാൽ ജീവിതത്തിൽ വിജയിക്കാനാകില്ല എന്ന് വിശ്വസിച്ച് തങ്ങളുടെ കഴിവുകളെ വേണ്ട വിധം ഉപയോഗിക്കാതെ ജീവിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ വിദ്യാഭ്യാസമോ സാഹചര്യങ്ങളോ അല്ല ഒരു മനുഷ്യന്റെ വിജയം നിർണയിക്കുക എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഉത്തർ പ്രദേശുകാരിയായ കൃഷ്ണയുടെ വിജയ കഥ.

യുപിയിലെ ദൗലത്‌പൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച കൃഷ്ണ സ്കൂളിൽ പോയിട്ടില്ല. വിവാഹ ശേഷം ഭർത്താവിന് ജോലി നഷ്ടമായതോടെ കൂടുതൽ ദുരിതത്തിലേക്ക് കൃഷ്ണ വീണു. ജോലി തേടി അവർ ഡൽഹിയിൽ അച്ഛന്‍റെ സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ 500 രൂപ കടം വാങ്ങി ഭർത്താവിനും മൂന്ന് കുട്ടികൾക്കുമൊപ്പം ഡൽഹിയിലേക്ക് താമസം മാറി. പക്ഷേ ഔപചാരിക വിദ്യാഭ്യാസം പോലും ഇല്ലാതിരുന്നതിനാൽ ജോലി കണ്ടെത്താൻ കൃഷ്ണ പാടുപെട്ടു. ഭർത്താവിനും തൊഴിൽ കണ്ടെത്താൻ സാധിക്കാതെ വന്നതോടെ കുടുംബം പട്ടിണിയിലേക്ക് പോകുന്ന സ്ഥിതിയായി.രണ്ടു മാസത്തെ തൊഴിൽ അന്വേഷത്തിനു ശേഷം, അവർ ഷെയർ ക്രോപ്പിംഗ് വഴി ഒരു പാടത്ത് പണിയെടുക്കാൻ തുടങ്ങി. എന്നാൽ ഈ ജോലിയിൽ നിന്നുള്ള വരുമാനം വളരെ തുച്ഛമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട് ടിവിയിൽ കണ്ട ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതാണ് കൃഷ്ണയുടെ ജീവിതത്തിൽ വഴിത്തിരിവായത്. കൃഷി വിജ്ഞാന കേന്ദ്രത്തിൽ (കെവികെ) ഒരു കോഴ്‌സിൽ ചേർന്ന് അച്ചാറും മറ്റു വിഭവങ്ങളും ശാസ്ത്രീയമായി ഉണ്ടാക്കാൻ അവർ പഠിച്ചു. അങ്ങനെ സ്വന്തമായി അച്ചാർ നിർമ്മിച്ച് റോഡരികിൽ വിൽക്കാൻ തുടങ്ങിയ കൃഷ്ണ, സൗജന്യ സാമ്പിളുകൾ നൽകി കസ്റ്റമേഴ്സിനെ ആകർഷിച്ചു. കസ്റ്റമേഴ്സ് കൂടിയതോടെ കൃഷ്ണ ക്രമേണ തന്റെ ബിസിനസ്സ് വികസിപ്പിച്ചു.

വൈവിധ്യമാർന്ന അച്ചാറുകൾ നിർമിച്ച് വിൽപ്പന നടത്തി രുചിയുടെ കാര്യത്തിൽ എല്ലാവരുടെയും വിശ്വാസം പിടിച്ചു പറ്റിയ കൃഷ്ണ, പ്രാദേശിക മേളകളിൽ പങ്കെടുത്ത് തന്റെ അച്ചാർ പ്രൊമോട്ട് ചെയ്യുകയും ചെയ്തു. ഇങ്ങനെ താഴെ തട്ടിൽ നിന്നും കഠിനാധ്വാനം ചെയ്ത് കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ശ്രീ കൃഷ്ണ പിക്കിൾസ് എന്ന; പിൽക്കാലത്ത് പ്രശസ്തമായ അച്ചാർ ബ്രാൻഡായ തന്റെ കമ്പനിക്ക് അവർ തുടക്കമിട്ടു.ഇന്ന്, ശ്രീ കൃഷ്ണ പിക്കിൾസിന്റെ ബാനറിൽ, കൃഷ്ണ‌ യാദവ് 5 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികളുടെ ഉടമയാണ്. 500 രൂപ കടം വാങ്ങി തുടങ്ങിയ കൃഷ്ണയുടെ സംരംഭക യാത്ര 5 കോടിയിൽ എത്തി നിൽക്കുമ്പോൾ അവർ തൊഴിൽ നൽകിയും പ്രചോദിപ്പിച്ചും ജീവിതത്തിൽ രക്ഷപ്പെടുത്തിയത് നിരവധി സ്ത്രീകളെയാണ്.

കൃഷ്ണയുടെ ദൃഢനിശ്ചയവും സംരംഭകത്വ മനോഭാവവും അവർക്ക് എൻ ജി രംഗ കർഷക അവാർഡ്, മികച്ച വനിതാ അവാർഡ്, കൃഷിക്കുള്ള ഇന്നൊവേറ്റീവ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ദേശീയതലത്തിൽ നേടിക്കൊടുക്കുകയും ചെയ്തു. ഇന്ന്, അവർ 250-ലധികം തരം അച്ചാറുകൾ, ഹെർബൽ ജ്യൂസുകൾ, ചട്ണികൾ, സിറപ്പുകൾ തുടങ്ങി നിരവധി വിഭവങ്ങൾ ശ്രീ കൃഷ്ണ പിക്കിൾസിന്റെ പേരിൽ വിപണിയിൽ എത്തിക്കുന്നുണ്ട്.