10 കോടിയുടെ ലംബോര്‍ഗിനി കാറിന് നടുറോഡിൽ വച്ച് തീപിടിച്ചു; ബെംഗളൂരുവിൽ നിന്നുള്ള വീഡിയോ വൈറൽ
1 min read

ഓടുന്ന ലംബോര്‍ഗിനി കാറിന് വഴിമധ്യേ തീപിടിച്ചു. ബെംഗളൂരു നഗരത്തിൽ വച്ചാണ് പത്ത് കോടി രൂപ വിലമതിയ്ക്കുന്ന ലംബോര്‍ഗിനി കാറിന് തീ പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വാഹനത്തിന്റെ പിന്‍ഭാഗത്തുനിന്ന് തീ ഉയരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെള്ളം, ഫയർ എക്‌സ്റ്റിംഗ്യൂഷർ, മണൽ തുടങ്ങിയവ ഉപയോഗിച്ച് ആളുകൾ തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ഉടന്‍ തീയണച്ചതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കന്നഡയിലെ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സഞ്ജീവിന്റെ എവന്റഡോർ കാറിനാണ് തീപ്പിടിച്ചത്. വാഹനം പൂര്‍ണമായും കത്തി നശിച്ചുവെന്ന അഭ്യൂഹം പടര്‍ന്നുവെങ്കിലും കാറിന് കാര്യമായ നാശമുണ്ടായിട്ടില്ലെന്ന് സഞ്ജീവ് വ്യക്തമാക്കി. തീപിടിത്തത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അജ്ഞാതമായി തുടരുന്നു. സാങ്കേതിക തകരാറ് മൂലമാണോ അതോ ബാഹ്യ കാരണങ്ങളാലാണോ തീപിടിത്തമുണ്ടായതെന്ന് അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വാഹനപ്രേമിയായ സഞ്ജീവിന് പത്തിലേറെ അത്യാഡംബര കാറുകളുണ്ട്.കഴിഞ്ഞ വര്‍ഷം മുംബൈയിലും ഓടിക്കൊണ്ടിരിക്കേ ലംബോര്‍ഗിനിയില്‍ തീപ്പിടിത്തമുണ്ടായിരുന്നു. പുതിയ സംഭവം കൂടിയായതോടെ കാറിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.
