‘മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നു’; മദ്യനയത്തിനെതിരെ വിമര്‍ശനവുമായി കെസിബിസി
1 min read

സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത് എന്നുമാണ് വിമര്‍ശനം. ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ മാറ്റി നിര്‍ത്തുന്നുവെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറയുന്നു.
സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമര്‍ശനവുമായാണ് കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെസിബിസി മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയില്‍ പറയുന്നത്. എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത് – കെസിബിസി വിമര്‍ശിക്കുന്നു.
ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണെന്നും ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകള്‍ എന്നും വ്യക്തമാക്കുന്നുണ്ട്. ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയില്‍ പറയുന്നു. സര്‍ക്കാര്‍ മദ്യ നയത്തിനെതിരെ പ്രതിഷേധം തീര്‍ക്കാനാണ് കെ സി ബി സിയുടെ തീരുമാനം. കൂടാതെ ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ ചര്‍ച്ചകളില്‍ നിന്നും കെസിബിസിയെ ഒഴിവാക്കുന്നുവെന്നും കെ സി ബിസിസി മദ്യ ലഹരി വിരുദ്ധ സമിതി ആരോപിക്കുന്നു.
