മാമാനം -നിലാമുറ്റം തീർഥാടന പാത സമർപ്പണം നാലിന്: അലങ്കാര വിളക്കുകൾക്ക് 15 ലക്ഷം; പൂച്ചെടികൾ വെച്ച് സൗന്ദര്യവൽക്കരിക്കും
1 min read

ഇരിക്കൂർ: ഉത്തര മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രത്തെയും – നിലാമുറ്റംമഖ്ബറയെയും ബന്ധിപ്പിക്കുന്ന തീർത്ഥാടന പാതയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായി ഇരിക്കൂർ പാലം മുതൽ നിലാമുറ്റം പാലം വരെയുള്ള 400 മീറ്റർ നീളത്തിലാണ് തീർഥാടന പാതയുടെ പണി പൂർത്തീകരിച്ചത്. പാതയുടെ സമർപ്പണം ജനുവരി നാലിന് രാവിലെ 10-ന് നടക്കും. പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും,മുൻ ദേവസ്വം മന്ത്രിയുമായ കെ.സി. വേണുഗോപാൽ എം.പി. നിർവഹിക്കും. അഡ്വ.സജീവ് ജോസഫ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ഉപയോഗിച്ചാണ് തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ഇരിക്കൂർപാലം മുതൽ നിലാമുറ്റം പാലംവരെ കൈവരികളോട് കൂടിയുള്ള നടപ്പാത നിർമിച്ചത്. സംസ്ഥാനപാതയോരത്ത് ഓവുചാലുകൾ നിർമ്മിച്ച് അതിന് മുകളിൽ സ്ലാബുകളും ടൈലുകളും പാകി മനോഹരമാക്കിയിട്ടുണ്ട്.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പാതയോരത്ത് അലങ്കാരവിളക്കുകളും ഇരിപ്പിടങ്ങളും സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. ഇതിനായി 15 ലക്ഷം രൂപ കൂടി എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ചിട്ടുണ്ട്. അലങ്കാര വിളക്കുകളുടെ നിർമാണ പ്രവർത്തികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് സജീവ് ജോസഫ് എം എൽ എ അറിയിച്ചു. പാതയിൽ ഇരിക്കൂർ പാലത്തിന് സമീപത്തായി ഖബർസ്ഥാനോട് ചേർന്ന് പ്രാർത്ഥിക്കാനും കാഴ്ചകൾ കാണാനുമായി വ്യൂപോയിന്റ് നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം ഇരിക്കൂർ മഹല്ല് കമ്മിറ്റിയുടെ സഹായ സഹകരണങ്ങൾ ഉണ്ടായിരുന്നു. തിരക്ക് പിടിച്ച സംസ്ഥാന പാതയോരം ചേർന്ന് നൂറുക്കണക്കിന് ഭക്തരാണ് ദിവസേന ക്ഷേത്രത്തിലും മഖാമിലും എത്തുന്നത്. വളവുകളുള്ളതും വീതി കുറഞ്ഞതുമായ സംസ്ഥാന പാതയിലൂടെയാണ് ഇക്ക് വഴി ആളുകൾ എത്തിയിരുന്നത്. പലപ്പോഴും തലനാരിഴയ്ക്കാണ് അപകടങ്ങൾ പലതും ഒഴിവായത്. മഴക്കാലത്ത് ചെളിനിറഞ്ഞ റോഡരികിലൂടെയാണ് സന്ദർശകർ ക്ഷേത്രത്തിലേക്കും മഖാമിലേക്കും വർഷങ്ങളായി എത്തുന്നത്. ഇതൊഴിവാക്കാനാണ് റോഡിനോടുചേർന്ന് തീർഥാടന പാത ഒരുക്കാൻ പദ്ധതിയിട്ടത്. ആറ് മാസം മുമ്പേ തന്നെ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ക്ഷേത്രത്തിന് മുന്നിലെ കടകൾ പൊളിക്കേണ്ടതിൽ കാലതാമസം ഉണ്ടായി. തീർഥാടകർക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിലാണ് നിലവിൽ പുതിയ നടപ്പാത പണികഴിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇരിക്കൂർ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗം സജീവ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ ടി നസീർ, എൻകെ കെ മുഫീദ, ബ്ലോക് പഞ്ചായത്തംഗം സി വി എൻ യാസറ, പഞ്ചായത്തംഗം ടി സി നസിയത്ത്, എം ഉമ്മർ ഹാജി, കെ പി അസീസ് മാസ്റ്റർ, കെ കെ സത്താർ ഹാജി, കെ കെ ഷഫീഖ്, യുപി അബ്ദുറഹ്മാൻ, ആർ പി നാസർ, സിവിഫൈസൽ, എൻ റഷീദ് ഹസ്സൻ,എ എം വിജയൻ, കെ അസൈനാർ, അഡ്വ: ജാഫർ സാദിഖ്, ടി സി റിയാസ്, ടി പി ജുനൈദ, കെ റൈഹാനത്ത് പി സുപ്രിയ സംബന്ധിച്ചു. സഫലമാകുന്നത് എൻ്റെ ആദ്യ ആഗ്രഹം: സജീവ് ജോസഫ്
വിവിധ മത വിഭാഗങ്ങൾ ഒത്തൊരുമയോടെ ഏത് കാര്യത്തിലും ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്ന മതസൗഹാർദ്ദത്തിൻ്റെ ഉദാത്ത മാതൃകയാണ് ഇരിക്കൂറിന് എന്നുമുള്ളത്.മാമാനം ക്ഷേത്രത്തിലേക്കും നിലാമുറ്റം മഖാമിലേക്കും ദിനം പ്രതി എത്തുന്ന നിരവധി വിശ്വാസികൾക്ക് സുരക്ഷിത പാതയൊരുക്കുക എന്നത് എം എൽ എ ആയത് മുതലുള്ള എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കുന്നത്. ഇരിപ്പിടങ്ങളുടെയും അലങ്കാരവിളക്കുകളുടെയും നിർമ്മാണത്തിനായി 15 ലക്ഷം രൂപ അനുവദിച്ചതായും ഇതിൻ്റെ പ്രവൃത്തി ഉടൻ പൂർത്തികരിക്കുമെന്നും എം എൽ എ പറഞ്ഞു. തീർത്ഥാടന പാതയിൽ ചെടികൾ വെച്ച് മോടി പിടിപ്പിക്കും: ടി പി ഫാത്തിമ നിത്യേന ഇരിക്കൂറിലെത്തുന്ന നൂറുക്കണക്കിന് വിശ്വാസികൾക്ക് ഭയലേശമന്യേ സുരക്ഷിത പാതയെന്ന സ്വപ്നമാണ് നടപ്പാതയുടെ പൂർത്തീകരണത്തോടെ സാധ്യമാവുന്നതെന്ന് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി പി ഫാത്തിമ. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ ഏവർക്കും അനുയോജ്യമായ സുരക്ഷിത പാതയാണ് ഇവിടെ നിർമ്മിച്ചിട്ടുള്ളത്. കൈവരികളിൽ
പൂച്ചെട്ടികൾ സ്ഥാപിച്ചുള്ള സൗന്ദര്യവൽക്കരണം ഉദാരമതികളുടെ സഹായത്തോടെ പൂർത്തീകരിക്കുമെന്ന് ടി പി ഫാത്തിമ അറിയിച്ചു.
