April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 4, 2025

എം.ടി വാസുദേവൻ നായർ അന്തരിച്ചു

1 min read
SHARE

 

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ കഴിയുന്നത്. ഇതിനിടെ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവിൽ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കൽ സംഘത്തിന് രൂപം നൽകുകയും ചെയ്തു.

നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ. ഇന്ത്യൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരന്റെ സംഭാവനകൾ പല തലമുറകളിളിൽ മായാത്ത മുദ്ര പതിപ്പിച്ചു. ലളിതമായ ഭാഷയും ചിരപരിചിതമായ ജീവിതപരിസരവും അക്ഷരങ്ങളിലൂടെയും അഭ്രപാളിയിലൂടെയും ജീവിതയാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചയാണ് എം ടി നമുക്ക് സമ്മാനിച്ചത്.പുന്നയൂർക്കുളം സ്വദേശി ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി ജനനം. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌ക്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം. പട്ടാമ്പി ബോർഡ് ഹൈസ്‌കൂളിലും ചാവക്കാട് ബോർഡ് ഹൈസ്‌കൂളിലും അധ്യാപകനായി. തളിപ്പറമ്പിൽ ഗ്രാമസേവകന്റെ ഉദ്യോഗം കിട്ടിയെങ്കിലും ദിവസങ്ങൾക്കകം രാജിവെച്ചു. തുടർന്ന് മാതൃഭൂമിയിൽ പത്രപ്രവർത്തന ജീവിതംകോളജ് പഠനകാലത്ത് പുറത്തിറങ്ങിയ രക്തം പുരണ്ട മണൽത്തരികൾ ആണ് ആദ്യ കഥാസാമാഹാരം. പാതിരാവും പകൽ വെളിച്ചവുമാണ് ആദ്യ നോവൽ. നാലുകെട്ടുമുതൽ വാരാണസി വരെ, കാലം മുതൽ അസുരവിത്തുവരെ. എഴുതിയ നോവലുകളെല്ലാം മലയാളിയുടെ പ്രിയപ്പെട്ടതായി. രണ്ടാമൂഴം ക്ലാസിക് നോവലുകളുടെ കൂട്ടത്തിലിടം പിടിച്ചു.
ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം തുടങ്ങിയ കഥകൾ മലയാളി ഹൃദയങ്ങൾ കീഴടക്കി. ഒരു വടക്കൻ വീരഗാഥ, പെരുന്തച്ചൻ, പരിണയം, വൈശാലി, സദയം തുടങ്ങി 30 സിനിമകൾക്ക് തിരക്കഥയെഴുതി. മഞ്ഞിലെ വിമലയും നാലുകെട്ടിലെ അപ്പൂണ്ണിയും അസുരവിത്തിലെ ഗോവിന്ദൻ കുട്ടിയും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്. സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചിത്രലോകത്തെത്തുന്നത്. നിർമ്മാല്യം, ബന്ധനം, മഞ്ഞ്, വാരിക്കുഴി, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘നിർമാല്യം’ 1973 ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ ജ്ഞാനപീഠം മുതൽ ഒട്ടനവധി പുരസ്‌കാരങ്ങൾ. 2005ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

മരണ സമയത്ത് ഭാര്യയും മകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ടായിരുന്നു. ഗോവ ഗവ‍ർണർ പി.എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖർ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളി ആശുപത്രിയിൽ എത്തി ഡോക്ടർമാരോടും എംടിയുടെ ബന്ധുക്കളുമായും സംസാരിച്ചു. എഴുത്തുകാരും സാംസ്കാരിക നായകന്മാരും ഉൾപ്പെടെ വലിയ സുഹൃദവലയുണ്ടായിരുന്ന എംടിയുടെ നിരവധി സുഹൃത്തുക്കൾ രാത്രി വൈകിയും ആശുപത്രിയിൽ ഉണ്ടായിരുന്നു.