ദേശീയപാത നിര്‍മാണം; ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും: മന്ത്രി മുഹമ്മദ് റിയാസ്

1 min read
SHARE

ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിന് ദേശീയപാത അതോറിറ്റി അധികൃതരുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയില്‍ പറഞ്ഞു. എ.കെ.എം. അഷ്റഫ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മാണം നടക്കുന്ന പലയിടങ്ങളിലും ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന കാര്യം എംഎല്‍എമാര്‍ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

ദേശീയപാത 66-ന്റെ നിര്‍മ്മാണ പ്രവൃത്തികളെ സംബന്ധിച്ചാണ് എ.കെ.എം അഷ്റഫ് എം.എല്‍.എ-യുടെ സബ്മിഷന്‍ അവതരിപ്പിച്ചത്.

 

കേരളത്തില്‍ ഏറ്റവും വേഗതയില്‍ പ്രവൃത്തി നടക്കുന്ന റീച്ചാണ് മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തലപ്പാടി-ചെങ്ങള റീച്ച്. ഈ റീച്ചില്‍ 74 ശതമാനം പ്രവൃത്തി നിലവില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞുവെന്നും ആറുവരി ഗതാഗതം പലയിടത്തും സാധ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അത്യുത്തര കേരളത്തിന്റെ വികസനത്തില്‍ ദേശീയപാത നിര്‍മ്മാണം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. തലപ്പാടിയില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ പോയാല്‍ ആ മാറ്റം നമുക്ക് കാണാന്‍ കഴിയും. കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആ മാറ്റം പ്രകടമാണ്. വിശാലമായ ആറുവരി പാത കേരളത്തില്‍ സാധ്യമായതിനെ ദേശീയ മാധ്യമങ്ങള്‍ അടക്കം അഭിനന്ദിക്കുകയുണ്ടായി. കേരളത്തിലെ ദേശീയപാത വികസനത്തിന്റെ വേഗതയും അതുണ്ടാക്കിയ മാറ്റവും നമുക്ക് അഭിമാനാര്‍ഹമായ നേട്ടമാണ്.