പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ നിരീക്ഷണം വരുന്നു; ഒന്നിലധികം തവണ നെഗറ്റീവ് പോയിന്റുകള്‍ ലഭിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യും’

1 min read
SHARE
അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കുക അത്ര എളുപ്പമായിരിക്കില്ല. റോഡപകടങ്ങള്‍ കുറയ്ക്കുക ലക്ഷ്യമിട്ട് മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തുന്നു.
ഈ കാലയളവില്‍ ഡ്രൈവിങ് സംബന്ധമായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവര്‍മാര്‍ക്ക് നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യുകയും പിന്നീട് ലേണേഴ്‌സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും ആദ്യം മുതല്‍ നടത്തേണ്ടി വരും.
സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി. റോഡ് അപകടങ്ങള്‍ താരതമ്യേന കുറവായ ബ്രിട്ടനിലെ രീതി സംസ്ഥാനത്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
അപകടങ്ങള്‍ കുറയ്ക്കുന്നതിനാനായുള്ള വിപുലമായ മാറ്റങ്ങളുടെ ഭാഗമാണ് പ്രൊബേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി നാഗരാജു ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോടു പറഞ്ഞു.
പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്‌നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങള്‍ക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തുന്നതിന് പുറമേയാണിത്. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച്‌ നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ കൂടുതലായിരിക്കും. ലേണേഴ്സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.
അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഞങ്ങള്‍ മാറ്റം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.