July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ഇന്ന് വൈകിട്ട് മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ

1 min read
SHARE

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ (ഏപ്രില്‍ 27 രാവിലെ 6 മണി) തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ജില്ലയിലെ മുഖ്യ വരണാധികാരിയായ ജില്ലാ കലക്ടർ ജെറോമിക് ജോർജ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

 

നിരോധനാജ്ഞാ കാലയളവില്‍ നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടര്‍മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരുടെയും പ്രചാരകരുടെയും സാന്നിധ്യം, ഏതെങ്കിലും തരത്തിലുള്ള ഉച്ചഭാഷിണിയുടെ ഉപയോഗം, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പ് സംബന്ധിയായ കാര്യങ്ങളുടെ പ്രദര്‍ശനം, അഭിപ്രായ സര്‍വേകളോ മറ്റെന്തെങ്കിലും തരത്തിലുള്ള തെരഞ്ഞെടുപ്പ് സര്‍വേകളോ സംപ്രേഷണം ചെയ്യല്‍ തുടങ്ങിയവ പാടുള്ളതല്ല.

പോളിങ് സ്‌റ്റേഷനില്‍ നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, ക്രമസമാധാന പാലന ചുമതലയുള്ളവര്‍, പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെയുള്ളവരുടെ സെല്ലുലാര്‍, കോര്‍ഡ്‌ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം, പോളിങ്ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ഒഴികെയുള്ളവരുടെ, പോളിങ് സ്‌റ്റേഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള കോര്‍ഡ്‌ലസ് ഫോണുകള്‍, വയര്‍ലെസ് സെറ്റുകള്‍ എന്നിവയുടെ ഉപയോഗം എന്നിവയ്ക്ക് നിരോധനമുണ്ട്.

പോളിങ് ദിനത്തില്‍ പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ പരിധിയില്‍ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ച്‌ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തല്‍, പോളിങ് സ്‌റ്റേഷന് 200 മീറ്റര്‍ പരിധിക്ക് പുറത്ത് ഒന്നിലധികം ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കല്‍, ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 ബി പ്രകാരം ആയുധം കൈവശം വെയ്ക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെയുള്ളവര്‍ പോളിങ് സ്‌റ്റേഷനിലോ സമീപ പ്രദേശങ്ങളിലോ ആയുധം പ്രദര്‍ശിപ്പിക്കുകയോ കൈവശം വെയ്ക്കുകയോ ചെയ്യല്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.

വോട്ടിംഗ് കേന്ദ്രം, ഷോപ്പിംഗ് മാള്‍, വ്യാപാര കേന്ദ്രങ്ങള്‍, സിനിമ തിയറ്റര്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍, വിവാഹം പോലുള്ള സാമൂഹിക ചടങ്ങുകള്‍, സ്വകാര്യ പരിപാടികള്‍ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിന് ഭംഗം വരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു. നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല. അവശ്യസേവന വിഭാഗം ജീവനക്കാര്‍, ക്രമസമാധാന ജോലിയുള്ളവര്‍ എന്നിവര്‍ക്കും നിരോധനം ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു