July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഓപ്പറേഷന്‍ സിന്ദൂര്‍: ‘ വധിച്ചത് 100 ഓളം ഭീകരരെ; പുല്‍വാമ ആക്രമണവും കാണ്ഡഹാര്‍ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു’: സൈന്യം

1 min read
SHARE

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സ്ഥിരീകരണം. ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഗായ്, എയര്‍മാര്‍ഷല്‍ എ.കെ.ഭാരതി, വൈസ് അഡ്മിറല്‍ എ.എന്‍.പ്രമോദ് തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരവാദത്തിനുള്ള ശക്തമായ മറുപടിയെന്ന് ലഫ്. ജനറല്‍ രാജീവ് ഗായ് പറഞ്ഞു. ഭീകരതയുടെ ആസൂത്രകരെ ശിക്ഷിക്കുകയും അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുകയും ചെയ്യുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ വിഭാവനം ചെയ്തതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യ നേരിട്ട ആക്രമണങ്ങളെക്കുറിച്ചും രാജ്യം നല്‍കിയ തിരിച്ചടികളെക്കുറിച്ചുമുള്ള ദൃശ്യം കാണിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.

ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത്. പല ഭീകരര്‍ക്കും പരിശീലനം നല്‍കിയ കേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു തകര്‍ത്തു. അജ്മല്‍ കസബ് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയ ക്യാമ്പുകള്‍ തകര്‍ത്തു. ഒന്‍പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു. 100 ഓളം ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരരും ഉള്‍പ്പെടുന്നു. വ്യോമസേന ഇതില്‍ പ്രത്യേക പങ്കുവഹിച്ചു. നാവിക സേനയും ഭാഗമായി – അദ്ദേഹം വ്യക്തമാക്കി. ഐസി-814 വിമാനത്തിന്റെ ഹൈജാക്കര്‍മാരും, പുല്‍വാമയില്‍ ആക്രമണം നടത്തിയവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്നും രാജീവ് രാജീവ് ഗായ് വ്യക്തമാക്കി.

ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയ കൊടും ഭീകരര്‍ ഉള്‍പ്പടെ നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് എയര്‍ മാര്‍ഷല്‍ എകെ ഭാരതി പറഞ്ഞു. ലക്ഷ്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വമാണ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹവല്‍പൂര്‍, മുരിദ്‌ഗെ ഉള്‍പ്പടെയുള്ള ഭീകരക്യാമ്പുകള്‍ തകര്‍ത്തതിന്റെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു. ഈ രണ്ടു ക്യാമ്പുകള്‍ തകര്‍ക്കുക ആയിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ഭീകര ക്യാമ്പുകള്‍ മാത്രമാണ് തകര്‍ത്തത്. പാകിസ്താന്‍ സൈന്യത്തിന്റെയോ, ആളുകളുടെയോ കെട്ടിടങ്ങള്‍ തകര്‍ത്തിട്ടില്ല – അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ ലക്ഷ്യമിട്ടത് തീവ്രവാദികളെയെന്നും പാകിസ്താന്‍ ലക്ഷ്യമിട്ടത് സാധാരണക്കാരെയും സൈനിക കേന്ദ്രങ്ങളെയുമെന്നും സൈന്യം വ്യക്തമാക്കി. തങ്ങളുടെ പോരാട്ടം തീവ്രവാദികള്‍ക്കെതിരെയെന്നും പറഞ്ഞു.

ഇന്ത്യന്‍ പ്രഹരത്തില്‍ ഒന്‍പത് പാക് വ്യോമതാവളങ്ങള്‍ തകര്‍ന്നുവെന്നും സൈന്യം വ്യക്തമാക്കി. പര്‍സൂര്‍ എയര്‍ ഡിഫന്‍സ് റഡാര്‍, ചുനിയാന്‍ എയര്‍ ഡിഫന്‍സ് റഡാര്‍, ആരിഫ് വാല എയര്‍ ഡിഫന്‍സ് , റഡാര്‍, സര്‍ഗോധ എയര്‍ ഫീല്‍ഡ്, റഹീം യാര്‍ ഖാന്‍ എയര്‍ ഫീല്‍ഡ്, ചക് ലാല എയര്‍ ഫീല്‍ഡ്, സക്കര്‍ എയര്‍ ഫീല്‍ഡ്, ഭൊലാരി എയര്‍ ഫീല്‍ഡ്, ജക്കോബാബാദ് എയര്‍ ഫീല്‍ഡ് എന്നിവയാണ് തകര്‍ത്തതെന്നും വ്യക്തമാക്കി.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവെന്ന് നാവിക സേന വ്യക്തമാക്കി. കറാച്ചി അടക്കം ലക്ഷ്യമിട്ടിരുന്നു. പാകിസ്താന്‍ യൂണിറ്റുകളുടെ ലൊക്കേഷനും നീക്കവും അടക്കം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പാക് ഡിജിഎംഒ തന്നെ വിളിച്ചിരുന്നു.  പ്രകോപനം തുടര്‍ന്നാല്‍ സേന കമാന്‍ഡര്‍മാര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണ സ്വാതത്ര്യം നല്‍കിയിട്ടുണ്ട്. തുടര്‍ ചര്‍ച്ചകള്‍  നടക്കും – സൈന്യം വ്യക്തമാക്കി. ഇനി പ്രകോപനം ഉണ്ടായാല്‍ തിരിച്ചടി കനത്തതായിരിക്കുമെന്നും ഇക്കാര്യം പാക്‌സ്താനെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.