‘ഒറോത ഫെസ്റ്റ് ചെമ്പേരി’ കാർഷിക മേള സബ് കമ്മിറ്റി യോഗം ചേർന്നു.

1 min read
SHARE

ചെമ്പേരി: ഉത്തര മലബാറിലെ പ്രമുഖ കുടിയേറ്റ കേന്ദ്രമായ ചെമ്പേരിയിലെ ലൂർദ് മാതാ ബസിലിക്ക ദൈവാലയത്തിന്റെ തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് 2025 ജനുവരി 31 മുതൽ 11 വരെ ചെമ്പേരി വൈ. എം സി എ യുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും ചെമ്പേരിയിലെ വിവിധ സാമൂഹിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ ‘ഒറോത ഫെസ്റ്റ് ചെമ്പേരി’ എന്ന പേരിൽ നടത്തുന്ന കാർഷിക ,വിദ്യാഭ്യാസ, സാംസ്‌കാരിക, വിനോദ മേളയുടെ കാർഷിക എക്സിബിഷനുമായി ബന്ധപ്പെട്ട സബ് കമ്മിറ്റുയുടെ യോഗം ചെമ്പേരി വൈ എം സി എ ഹാളിൽ ചേർന്നു. പകർച്ചവ്യാധികളോടും വന്യമൃഗങ്ങളോടും മല്ലിട്ട് മണ്ണിൽ പൊന്നു വിളയിച്ച് ചെമ്പേരിയെ ഇന്നത്തെ നിലയിലേക്കെത്തിക്കാൻ കുടിയേറ്റ കർഷകർ അനുഭവിച്ച ത്യാഗത്തിന്റെയും കഷ്ടപ്പാടുകളുടെയും തിക്താനുഭവങ്ങൾക്ക് അക്ഷരരൂപം നൽകിക്കൊണ്ട് ചെമ്പേരിപ്പുഴയുടെ തീരത്തിരുന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ കാക്കനാടൻ എഴു തിയ ‘ഒറോത’ എന്ന നോവലിലെ ഒറോത എന്ന മുഖ്യ കഥാപാത്രത്തെ കുടിയേറ്റ കർഷകരുടെ മുഴുവൻ പ്രതീകമായി കണ്ടുകൊണ്ടാണ് വൈ എം സി എ യുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ കാർഷിക മേളക്ക് ‘ഒറോത ഫെസ്റ്റ്’ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിലെ പുത്തൻ പ്രവണതകൾ, നൂതന കാർഷികോപകരണങ്ങൾ, നൂതന കൃഷിരീതികൾ എന്നിവ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക, മികച്ച കർഷകരെയും കാർഷിക മേഖലയിൽ നൂതന രീതികൾ അവലംബിക്കുന്നവരെയും ആദരി ക്കുക, ഔഷധ സസ്യങ്ങളുടെയും പുഷ്പ്പ, ഫല സസ്യങ്ങളുടെയും പ്രദർശനം സംഘടിപ്പിക്കുക, ആധുനിക കൃഷിരീതികളെക്കുറിച്ചുള്ള സെമിനാറുകൾ, ചർച്ചകൾ, കന്നുകാലി പ്രദർശനം, പെറ്റ് ഷോ, ഡോഗ് ഷോ, അക്വ ഷോ, പാചക മത്സരങ്ങൾ, വിള മത്സരം, കർഷകരുടെ മികച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ, നൂതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, എന്നിവ മേളയിൽ ഉൾപ്പെടുത്തുവാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. മേളയുടെ വിജയത്തിനായി കർഷക സംഘടനകളിൽനിന്നും നിർദേശ ങ്ങൾ സ്വീകരിക്കുവാൻ തീരുമാനിച്ചു. സബ് കമ്മിറ്റി ചെയർമാൻ ശ്രീ. കുര്യാക്കോസ് പുതിയേടത്തുപറമ്പിൽ അധ്യക്ഷത വഹിച്ചു. ചെമ്പേരി വൈ എം സി എ പ്രസിഡണ്ട് ജോമി ജോസ് ചാലിൽ, ജനറൽ കൺവീനർ ഷാജി വർഗീസ്, സബ് കമ്മിറ്റി കൺവീനർ ടോമി മാത്യു ചാമക്കാലായിൽ, ഇമ്മാനുവേൽ ജോർജ്, ജോമോൻ പൈങ്ങോട്ട്, സുദീപ് കടൂക്കുന്നേൽ, സ്കറിയ കളപ്പുര, ജോണി മണ്ഡപം ഫ്രാൻസിസ് ആളാത്ത്, തുടങ്ങിയവർ പങ്കെടുത്തു. മേളയിൽ തങ്ങളുടെ വളർത്തുമൃഗങ്ങളെയും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനും താല്പര്യമുള്ള വ്യക്തികളോ കാർഷിക സംഘടനകളോ ഉണ്ടെങ്കിൽ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പടാവുന്നതാണ്. 7510918218, 9495461885.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ