ഇന്ത്യൻ സൈന്യം പള്ളികൾ നശിപ്പിച്ചെന്നത് പാകിസ്താൻ്റെ നുണക്കഥ’: കേണൽ സോഫിയ ഖുറേഷി
1 min read

ഇന്ത്യ പാക് സംഘർഷത്തിൽ ഇന്ത്യയുടെ എസ് 400, ബ്രഹ്മോസ് മിസൈൽ ബേസ് എന്നിവ തകർത്തുവെന്ന പാകിസ്താൻ അവകാശവാദം പൂർണമായും വാസ്തവ വിരുദ്ധമാണെന്ന് കേണൽ സോഫിയ ഖുറേഷി. വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ നടന്ന വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യൻ സൈന്യം മുസ്ലിം പള്ളികൾ നശിപ്പിച്ചതായി പാകിസ്താൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും നമ്മുടെ സൈന്യം ഇന്ത്യയുടെ ഭരണഘടനാ മൂല്യത്തിന്റെ വളരെ മനോഹരമായ പ്രതിഫലനമാണെന്നും അതിനാൽ പാകിസ്താൻ്റേത് വ്യാജ പ്രചാരണമാണെന്നും കേണൽ സോഫിയ ഖുറേഷി അറിയിച്ചു.”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മുടെ ഇൻസ്റ്റാളേഷനുകളിൽ പ്രകോപനമില്ലാതെ ആക്രമണം നടത്തിയതിന് ശേഷം പാകിസ്താന് വളരെ കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. കരയിലും വായുവിലും അവർക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. നിർണായകമായ പാകിസ്താൻ വ്യോമ താവളങ്ങളായ സ്കാർഡു, ജേക്കബാബാദ്, ബൊളാരി എന്നിവയിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത്, സൈനിക അടിസ്ഥാന സൗകര്യങ്ങൾ, കമാൻഡ് കൺട്രോൾ സെന്ററുകൾ, ലോജിസ്റ്റിക് ഇൻസ്റ്റാളേഷനുകൾ എന്നിവയ്ക്ക് വ്യാപകവും കൃത്യവുമായ നാശനഷ്ടങ്ങൾ സംഭവിച്ചു, ഇത് പാക് പ്രതിരോധ, ആക്രമണ ശേഷിയും പാകിസ്ഥാന്റെ മനോവീര്യവും പൂർണ്ണമായും തകർക്കാൻ കാരണമായി.” വിങ് കമ്മാൻഡർ വ്യോമിക സിങ് വ്യക്തമാക്കി.വെടിനിർത്തൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ പ്രാബല്യത്തിൽ, ഇരു രാജ്യങ്ങളും സൈനിക നടപടികൾ നിർത്തിവെച്ചുകടലിലും, ആകാശത്തും, കരയിലുമുള്ള എല്ലാ സൈനിക പ്രവർത്തനങ്ങളും നിർത്താൻ ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സൈന്യം, ഇന്ത്യൻ നാവികസേന, ഇന്ത്യൻ വ്യോമസേന എന്നിവയോട് ഈ ധാരണ പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കമ്മഡോർ രഘു ആർ നായർ വ്യക്തമാക്കി. ഇന്ത്യ-പാക് വെടിനിർത്തൽ തീരുമാനത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലാണ് കമ്മോഡോർ രഘു ആർ നായർ, വിങ് കമാൻഡർ വ്യോമിക സിംഗ്, കേണൽ സോഫിയ ഖുറേഷി എന്നിവർ പങ്കെടുത്തത്.
ഇന്ത്യ പാക് സംഘർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായ വിവരം ആദ്യമായി സ്ഥിരീകരിച്ചത് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ്. ഇരു രാജ്യങ്ങളിൽ നിന്നുമുള്ള സൈനിക നടപടികൾ നിർത്തിവെച്ചതായും വിക്രം മിസ്രി അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇരുപക്ഷവും കരയിലും വായുവിലും കടലിലുമുള്ള എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിർത്തുമെന്നാണ് അറിയിച്ചത്.അമേരിക്കയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ചെന്ന വിവരം അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ സ്ഥിരീകരണം വരുന്നതിന് മുൻപ് തന്നെ അറിയിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വികം മിസ്രി വാർത്താ സമ്മേളനത്തിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിക്കുന്നത്. തർക്കവിഷയങ്ങളിൽ ഇപ്പോൾ ചർച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിർത്തൽ ഇരു രാജ്യങ്ങളും അംഗീകരിച്ചെന്ന് വ്യക്തമാക്കി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ജെ ഡി വാൻസും രംഗത്ത് എത്തിയിരുന്നു. ഇന്ത്യ – പാക് പ്രധാനമന്ത്രിമാരുമായി ചർച്ച നടത്തി. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, അജിത് ഡോവൽ, അസീം മുനീര്‍, അസീം മാലിക് എന്നിവരുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നും മാർക്കോ റൂബിയോ ട്വീറ്റ് ചെയ്തു. സമാധാനത്തിന്‌റെ പാത സ്വീകരിച്ചതിന് ഇരുരാജ്യങ്ങള്‍ക്കും മാർക്കോ റൂബിയോ എക്സിൽ നന്ദി അറിയിച്ചു.
