ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല, 8 വര്‍ഷത്തിനുള്ളില്‍108 പേരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി
1 min readതിരുവനന്തപുരം: ക്രിമിനലുകളെ കേരള പോലീസില്‍ വച്ചുപൊറുപ്പിക്കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കി. മികച്ച ക്രമസമാധാന പാലനശേഷി, കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയുന്നതിലുമുള്ള മികവ്, ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പൊതുജനസേവനം നടത്താനുള്ള പ്രാപ്തി, മയക്കുമരുന്ന് വ്യാപനം തടയുന്നതിലുള്ള ആര്‍ജ്ജവം എന്നിവയെല്ലാം ഇന്നത്തെ കേരള പോലീസിന്‍റെ പ്രത്യേകതകളാണ്. ഈ നിലയില്‍ പ്രകടമായ മാറ്റം ഇന്ന് കേരള പോലീസില്‍ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനസൗഹൃദ സേവനം ഉറപ്പാക്കി കേരള പോലീസ് മുന്നേറുമ്പോഴും ഏതാനും ചില ഉദ്യോഗസ്ഥര്‍ സേനയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ വാസനകളുള്ള ഇത്തരം ഉദ്യോഗസ്ഥരെ ഘട്ടം ഘട്ടമായി സേനയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ നിയമപ്രകാരമുള്ള നടപടികളും വകുപ്പുതല നടപടികളും സ്വീകരിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ ഗൗരവത്തിന്‍റെ അടിസ്ഥാനത്തില്‍ ശിക്ഷാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. അപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍ 108 ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ തുടര്‍ന്നുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.