July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഗാസയിലെ കുരുന്നുകൾക്കുള്ള പോപ്പിന്റെ അവസാന സമ്മാനം; ‘പോപ്‌മൊബീല്‍’ ഗാസയിലെ കുട്ടികളുടെ ആരോഗ്യ ക്ലിനിക്കായി മാറുന്നു

1 min read
SHARE

ഫ്രാൻസിസ് മാർപാപ്പയുടെ പോപ്‌മൊബീല്‍ എന്നറിയപ്പെടുന്ന ഔദ്യോഗിക വാഹനം ഇസ്രയേൽ ആക്രമണത്തിൽ പരിക്കേറ്റ ഗാസയിലെ കുഞ്ഞുങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്കാകും. ഫ്രാൻസിസ് മാർപാപ്പയുടെ അവസാന ആഗ്രഹങ്ങളിൽ ഒന്നായിരുന്നു തന്റെ ‘പോപ്‌മൊബീല്‍’ ഗസ്സയിലേക്കുള്ള ആരോഗ്യ രക്ഷാ കേന്ദ്രമാക്കണം എന്നുള്ളത്. മരണത്തിന് മുൻപ് തന്നെ അതിനുള്ള നടപടികൾ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശത്തെ പരിക്കേറ്റവരും പോഷകാഹാരക്കുറവുള്ളവരുമായ കുട്ടികളെ സഹായിക്കാൻ ഈ വാഹനം ഉപയോഗിക്കണമെന്ന് ആയിരുന്നു അദ്ദേഹത്തിന്റെ ആ​ഗ്രഹം.

ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ആരോഗ്യ സംവിധാനങ്ങൾ ഏതാണ്ട് പൂർണ്ണമായും തകർന്നനിലയിലാണെന്നും ഈ അവസരത്തിൽ പോപ് ഫ്രാൻസിസിന്റെ തീരുമാനം ജീവൻരക്ഷാ ഇടപെടലാണെന്നും വത്തിക്കാൻ വൃത്തങ്ങൾ പ്രതികരിച്ചു. ഗാസയ്ക്ക് നൽകുന്നത് കേവലമൊരു വാഹനം മാത്രമല്ല. ലോകം മുറിവേറ്റ കുഞ്ഞുങ്ങളെ മറക്കുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും പോപ്‌മൊബീല്‍ കൈമാറാനുള്ള ചുമതല വഹിക്കുന്ന കാരിത്താസ് സ്വീഡൻ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂണെ പറഞ്ഞു.

കുട്ടികളുടെ രോഗനിർണയം, പരിശോധന, ചികിത്സ എന്നിവയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങളും മറ്റ് ജീവൻ രക്ഷാ സാമഗ്രികളും സജ്ജീകരിക്കുന്നതിലൂടെ കാരിത്താസ് വാഹനത്തെ ഒരു മൊബൈൽ ഹെൽത്ത് സ്റ്റേഷനാക്കി മാറ്റും. അതിവേഗത്തിലുള്ള പരിശോധനാ സംവിധാനം, വാക്സിനേഷൻ സൗകര്യം, രോഗപരിശോധനാ ഉപകരണങ്ങൾ, തുന്നൽക്കിറ്റുകൾ, ഡോക്ടർമാർ ഉൾപ്പെടെ മെഡിക്കൽ സ്റ്റാഫുകൾ അടക്കമുള്ള സൗകര്യങ്ങൾ പോപ്‌മൊബീലിൽ ഒരുക്കും. ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് അനുവദിക്കുന്ന ഘട്ടത്തിൽ ഹെൽത്ത് ക്ലിനിക്ക് പ്രവർത്തനമാരംഭിക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഫ്രാൻസിസിന്റെ പോണ്ടിഫിക്കേറ്റിലുടനീളം ലോകസമാധാനം ഒരു പ്രധാന സന്ദേശമായിരുന്നു, റഷ്യ-ഉക്രെയ്ൻ, ഇസ്രായേൽ-ഹമാസ് യുദ്ധങ്ങളുടെ വെടിനിർത്തലിന് അദ്ദേഹം ഒന്നിലധികം തവണ ആഹ്വാനം ചെയ്തിരുന്നു, അതിന്റെ അവസാനത്തേത് അദ്ദേഹത്തിന്റെ മരണത്തിന് തലേദിവസം ഈസ്റ്റർ ദിനത്തിൽ ആയിരുന്നു.