കടലാര്‍ എസ്‌റ്റേറ്റില്‍ പുലിക്ക് മുമ്പില്‍പ്പെട്ട് തൊഴിലാളികള്‍, ആളുകളെ കണ്ട് ഓടി പുലിയും, മൂന്നാറിൽ പുലിശല്യം

1 min read
SHARE

ഇടുക്കി: പുലി ഭീതി വിട്ടൊഴിയാതെ മൂന്നാർ കടലാർ എസ്റ്റേറ്റിലെ തൊഴിലാളികൾ. ഇന്നലെയും മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റില്‍ തൊഴിലാളികൾ പുലിക്ക് മുമ്പില്‍പ്പെട്ടു.  ജോലിക്കായി നടന്നു പോകവെയായിരുന്നു തൊഴിലാളികള്‍ പുലിയുടെ മുമ്പില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് തൊഴിലാളികള്‍ ഭയന്നോടി. പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മൂന്നാര്‍ കടലാര്‍ എസ്‌റ്റേറ്റിലെ ഫീല്‍ഡ് നമ്പര്‍ പത്തില്‍ ജോലിക്ക് പോയ തൊഴിലാളികളാണ്  പുലിയുടെ മുമ്പില്‍പ്പെട്ടത്. തൊട്ടുമുമ്പില്‍ പുലിയെ കണ്ടതോടെ ഭയന്ന് വിറച്ച തൊഴിലാളികള്‍ തിരിഞ്ഞോടി. അപ്രതീക്ഷിതമായി മനുഷ്യ സാന്നിധ്യമുണ്ടായതോടെ വിറളിപൂണ്ട പുലിയും സമീപത്തെ തേയിലക്കാട്ടിലേക്ക് ചാടി ഓടി മറയുകയായിരുന്നു. ഈ ഭാഗത്തും തൊഴിലാളികള്‍ തൊഴില്‍ എടുക്കുന്നുണ്ടായിരുന്നു. പുലി ഇറങ്ങിയതായുള്ള ബഹളം കേട്ടതോടെ ഇവരും ഭയചകിതരായി ഓടി സുരക്ഷിത സ്ഥലത്തേക്ക് മാറി. പ്രദേശത്ത് മുമ്പ് പല തവണ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.