അതിക്രൂര ബലാത്സംഗം നടന്നാലേ പരമാവധി ശിക്ഷ നൽകേണ്ടതുള്ളൂ എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ; അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കണ്ടേയെന്ന് തിരിച്ചുചോദിച്ച് കോടതി

നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം തുടരുന്നു. അതിക്രൂര ബലാത്സംഗം നടന്നാൽ മാത്രമേ പരമാവധി ശിക്ഷ നൽകേണ്ടതുള്ളൂ എന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അതിക്രൂര ബലാത്സംഗം നടന്നിട്ടില്ല എന്നായിരുന്നു സുനിയുടെ അഭിഭാഷകന്‍റെ നിലപാട്. എന്നാൽ, ഈ വാദത്തിനെ ജസ്റ്റിസ് വർമ കമ്മീഷൻ റിപ്പോർട്ട് ക്വോട്ട് ചെയ്ത് കോടതി ഖണ്ഡിച്ചു. ഇവിടെ അതിജീവിതയുടെ നിസ്സഹായാവസ്ഥ പരിഗണിക്കേണ്ടതല്ലേ എന്ന് കോടതി തിരിച്ചു ചോദിച്ചു.സ്ത്രീയുടെ അന്തസ്സും അഭിമാനവും പ്രധാനമല്ലേയെന്നും കോടതി ആരാഞ്ഞു. അവർ നേരിട്ട അപമാനം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ‘പെനിട്രേറ്റീവി സെക്സ് മാത്രമല്ല പീഡനം’ എന്നും കോടതി റിപ്പോർട്ടിലൂന്നി വ്യക്തമാക്കി. സുനിയുടെ കുടുംബ സാഹചര്യം കൂടി പരിഗണിക്കണം എന്നും അഭിഭാഷകൻ കോടതിയിൽ അഭ്യർഥിച്ചു. നിർഭയ കേസിന് ശേഷം രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് വർമ കമ്മീഷൻ.പൾസർ സുനിയടക്കമുള്ളവർക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം ലഭിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു. 376(D) എന്നത് കൂട്ട ബലാത്സംഗക്കുറ്റമാണെന്നും ഓരോരുത്തരും ബലാത്സംഗം ചെയ്തിട്ടില്ലെങ്കിലും പങ്കെടുത്ത എല്ലാവരും ഒരേ ശിക്ഷയ്ക്ക് അർഹരാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.

