പി വി അൻവറിന്റേത് സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വാക്കുകൾ: പി കെ കുഞ്ഞാലിക്കുട്ടി
1 min read

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരായ നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പി വി അൻവറിന്റേത് സർക്കാരിന്റെ വിശ്വാസ്യതയെ പിടിച്ചുലയ്ക്കുന്ന വാക്കുകളാണെന്നും വിഷയത്തിൽ യുഡിഎഫ് നാളെ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. താനൂർ ജിഫ്രി തങ്ങൾ കേസിൽ ലീഗ് നേരത്തെ പറഞ്ഞ കാര്യങ്ങളെ ശരിവെക്കുന്നതാണ് അൻവറിന്റെ വാക്കുകൾ. സുജിത്ത് ദാസ് വെറുതെ കേസ് എടു എടുത്ത് എണ്ണം കൂട്ടിയെന്നും മലപ്പുറത്ത് ക്രൈം റേറ്റ് കൂട്ടാൻ ശ്രമിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു, അതേസമയം പ്രതിപക്ഷം ഏറെക്കാലമായി ആരോപിക്കുന്ന കാര്യമാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഒരു സിപിഐഎം എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നായിരു്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സതീശൻ പറഞ്ഞു. ഗുണ്ടാസംഘം പോലും നാണിച്ചു പോകുന്ന തരത്തിൽ പെരുമാറുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞു. മുഖ്യന്റെ ഓഫീസിൽ നടക്കുന്നത് മുഴുവൻ നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്നാണ് സിപിഐഎമ്മിന്റെ എംഎൽഎ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത്കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചത്. പത്തനംതിട്ട എസ് പിയായ സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുണ്ടെന്നും പി വി അൻവർ ആരോപിച്ചു. എസ്പിയുമായുള്ള ഫോൺ കോൾ ചോർത്തിയത് ഗതികേടുകൊണ്ടാണെന്നും കേരളത്തിലെ ജനങ്ങൾക്ക് അഥ് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഓഫീസർമാർ രാജ്യവിരുദ്ധ പ്രവർത്തികൾ ചെയ്യുകയാണ്. ഇത് പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്നും പി വി അൻവർ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി അജിത് കുമാർ എന്നിവരെ മുഖ്യമന്ത്രി വിശ്വസിച്ചു. എന്നാൽ ഇരുവരും ഉത്തരവാദിത്തം നിറവേറ്റുന്നതിൽ വീഴ്ച വരുത്തി. അരീക്കോട്ടെ നവകേരള സദസ് അലങ്കോലമാക്കി. പൊലീസ് ഇടപെടുന്നതിന് പകരം നോക്കി നിന്നു. പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യുന്ന ഗ്രൂപ്പാണിതെന്നും പി വി അൻവർ ആരോപിച്ചു. ബിജെപിയുമായി മുഖ്യമന്ത്രിക്കും ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. ബിജെപിയെ സഹായിക്കുകയാണ് ക്രമസമാധാനത്തിന്റെ ചുമതലയുള്ള എഡിജിപി ചെയ്യുന്നത്. ബിജെപിയുമായി ബന്ധമുണ്ടെന്നായിരുന്നു ഇപി ജയരാജനെതിരെയുള്ള ആരോപണമെന്നും അദ്ദേഹം പറഞ്ഞു.
