വയനാടിന്‍റെ പുനര്‍നിര്‍മ്മാണ വായ്പ; ഒന്നര മാസത്തിനുള്ളില്‍ ചിലവഴിച്ചു തീര്‍ക്കാന്‍ ആവശ്യപ്പെടുന്നത് കേന്ദ്രത്തിന്‍റെ പ്രതികാര നടപടി: രമേശ് ചെന്നിത്തല
1 min read

വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് സഹായം അനുവദിക്കുന്നതിനു പകരം 530 കോടിയുടെ വായ്പ നല്‍കി ഒന്നര മാസത്തിനകം ചിലവഴിച്ചു തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണഗതിയില്‍ പ്രകൃതിക്ഷോഭങ്ങളില്‍ പെട്ട് നാശനഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായധനമാണ് നല്‍കുന്നത്. ഇവിടെ അതു നല്‍കുന്നതിനു പകരം 50 വര്‍ഷത്തെ പലിശരഹിത വായ്പയാണ് അനുവദിച്ചിരിക്കുന്നത്.
എന്നിട്ട് ഒന്നര മാസത്തിനുള്ളില്‍ റോഡ് പണി പൊതുകെട്ടിടങ്ങളുടെ പണി തുടങ്ങിയ 16 പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരു സംസ്ഥാനത്തെ ഒട്ടാകെ വെല്ലു വിളിക്കുകയും അവിടുത്തെ ജനങ്ങള്‍ക്കു നേരെ പ്രതികാര നടപടിയെടുക്കുന്നതിനും തുല്യമാണ്.
രണ്ടായിരം കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിടത്താണ് അതിന്റെ നാലിലൊന്ന് വായ്പയായി നല്‍കിയിരിക്കുന്നത്. ഒരു സംസ്ഥാനത്തോടും അവിടെത്തെ ജനങ്ങളോടും ഇത്തരത്തില്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നത് ഫെഡറലിസത്തിന്റെ അന്തസത്തയ്ക്ക് എതിരാണ്. കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്നു വിട്ടു നില്‍ക്കുകയും മാന്യമായ വയനാട് പാക്കേജ് അനുവദിക്കുകയും വേണമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കേന്ദ്ര നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് വിഡി സതീശൻ പറഞ്ഞു. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
