പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം; താലൂക്ക് തല അദാലത്തുകള്‍ക്ക് തുടക്കം, ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

1 min read
SHARE

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന താലൂക്ക് തല അദാലത്തുകള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. ഭരണത്തിന്റെ കൃത്യമായ സ്വാദ് ജനങ്ങളാണ് അനുഭവിക്കേണ്ടതെന്നും ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി. വഴിവിട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെഗറ്റീവ് ആയ കാര്യങ്ങള്‍ എങ്ങനെ പ്രചരിപ്പിക്കാം എന്നതിനാണ് ചിലര്‍ പ്രാമുഖ്യം കൊടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയലുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം താലൂക്കിലെ അദാലത്തോടെയാണ് തുടക്കം. പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരായ വി.ശിവന്‍കുട്ടിയും ജി.ആര്‍. അനിലും നേതൃത്വം നല്‍കി. ആയിരത്തിലധികം പരാതികള്‍ താലൂക്കില്‍ ലഭിച്ചു. ഭൂരിഭാഗം പരാതികളും ഉദ്യോഗസ്ഥര്‍ തന്നെ നേരിട്ടു പരിഹരിച്ചു. ബാക്കി ഇരുന്നൂറോളം പരാതികളാണ് മന്ത്രിമാരുടെ മുന്നില്‍ എത്തിയത്. ജനുവരി 13 വരെ സംസ്ഥാനത്തെ വിവിധ താലൂക്കുകളില്‍ സമാന അദാലത്തുകള്‍ തുടരും. “മനുഷ്യരെ വേർതിരിവോടെ കാണുന്നതല്ല.സമൂഹത്തിലെ മേൽത്തട്ടിൽ ഉളള വർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുടേതായ മാർഗങ്ങൾ ഉണ്ടാകും.സാധാരണക്കാരുടെ സ്ഥിതി അതാകില്ല.ജനങ്ങൾ പരാതിയുമായി ഓഫീസുകളിൽ കയറിയിറങ്ങുകയായിരുന്നു നേരത്തെയുള്ള സ്ഥിതി. ഇന്ന് ആ സ്ഥിതി മാറി.ജനങ്ങളുടെ ദാസന്മാരായി പ്രവർത്തിക്കേണ്ടവരാണ് ഉദ്യോഗസ്ഥർ.ജനങ്ങൾക്ക് ലഭിക്കേണ്ടത് ഔദാര്യമല്ല അവരുടെ അവകാശമാണ്.”- മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായ പുതിയ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം ഗുണപരമായ കാര്യങ്ങൾക്ക് കലവറയില്ലാത്ത പിന്തുണയാണ് ലഭിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി നാട്ടിൽ ആ പ്രചരണമല്ല നടക്കുന്നതെന്നും ആരോഗ്യകരമായ സമീപനം സ്വീകരിക്കുമ്പോൾ അതിന് വേണ്ട പ്രചാരണം കിട്ടാറില്ല എന്നും കുറ്റപ്പെടുത്തി.