‘മരുമകൻ ചുറ്റിക കൊണ്ട് തലക്കടിച്ചു, ജീവരക്ഷാർത്ഥമാണ് തിരിച്ചടിച്ചത്’; ചേലക്കരയിലെ മര്‍ദനത്തിൽ വെളിപ്പെടുത്തൽ

1 min read
SHARE

തൃശൂര്‍: തൃശൂര്‍ ചേലക്കരയില്‍ പെരുന്നാള്‍ തലേന്ന് വീട്ടിലെത്തിയ മരുമകനെ ഭാര്യയുടെ വീട്ടുകാര്‍ മര്‍ദിച്ചതെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന ചേലക്കര സ്വദേശി സുലൈമാനെ ഭാര്യാ പിതാവും മാതാവും ചേര്‍ന്ന് തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ സുലൈമാനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ റസീനയും മാതാവ് സെഫിയയും രംഗത്തെത്തി. സുലൈമാൻ ചുറ്റിക കൊണ്ട് തലക്കടിച്ചതിനെത്തുടര്‍ന്നാണ് തിരിച്ചടിച്ചതെന്ന് ഭാര്യാ മാതാവ് സെഫിയ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ സെഫിയ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് മരുമകനും ഭാര്യയുടെ വീട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. വീട്ടില്‍ കയറി സുലൈമാൻ ആക്രമണം നടത്തുകയായിരുന്നുവെന്നും ഇതിനുപിന്നാലെയാണ് ജീവരക്ഷാര്‍ത്ഥം സുലൈമാനെ തിരിച്ചടിച്ചതെന്നുമാണ് ഭാര്യാ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍, സുലൈമാനെ ഭാര്യാ വീട്ടുകാര്‍ തിരിച്ചു തല്ലുന്ന സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്നും ഇവര്‍ പറയുന്നു. ചേലക്കര സ്വദേശിനി റസീനയും ഭര്‍ത്താവ് സുലൈമാനും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.  റസീനയ്ക്ക് കുടുംബം നല്‍കിയ എട്ടു സെന്‍റ് സ്ഥലത്തായിരുന്നു റസീന താമസിച്ചിരുന്നത്. സ്വത്തിന്‍റെ പേരില്‍ മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് റസീനയുടെ കുടുംബം പറയുന്നു. ഇന്നലെ സുലൈമാന്‍ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുന്നെന്ന് മകള്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് അവിടേക്ക് വന്നതെന്ന് മാതാവ് സെഫിയ പറഞ്ഞു. മകള്‍ റസീനയെ കൊല്ലാനാണ് സുലൈമാൻ അവിടെ എത്തിയതെന്നും ജീവരക്ഷാര്‍ത്ഥമാണ് തിരിച്ചടിച്ചതെന്നും സെഫിയ പറഞ്ഞു. തുടര്‍ന്ന് സുലൈമാൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കും തോളിനും അടിച്ചുവെന്നും സെഫിയ പറഞ്ഞു. ഇതിനിടയില്‍ ഭാര്യയെ മരുമകന്‍ ആക്രമിക്കുന്നത് കണ്ട് അവിടേക്കു വന്ന മൊയ്തു മരുമകനെ തല്ലി ഓടിക്കുകയായിരുന്നു. ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായ സുലൈമാന്‍റെ പരാതിയില്‍ മൊയ്തുവിനെ പൊലീസ് കസ്റ്റഡിലിലെടുത്തിട്ടുണ്ട്. എന്നാല്‍, വീടു കയറി സ്ത്രീകളെ ഉപദ്രവിച്ച സുലൈമാനെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്ന് ഭാര്യ റസീന ആരോപിച്ചു.