വഡോദരയുടെ മകൾ, ബെലഗാവിയുടെ മരുമകൾ, രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആയ ആളാണ് സോഫിയ’ ; പിന്തുണച്ച് ബിജെപി

1 min read
SHARE

സോഫിയ ഖുറേഷിയെ പിന്തുണച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്. വെറും ഏഴു ദിവസം കൊണ്ട് രാജ്യത്തെ യുവജനങ്ങളുടെ ഐക്കൺ ആയ ആളാണ് സോഫിയ. വഡോദരയുടെ മകൾ, ബെലഗാവിയുടെ മരുമകൾ, ഭാരതത്തിന്റെ അഭിമാനമാണ് സോഫിയ എന്ന് സന്തോഷ്‌ പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി മന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് പ്രസ്താവന.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്ത് എത്തിയിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചുവെനന്നായിരുന്നു വിശദീകരണം.അതേസമയം കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിൽ ബിജെപി മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി. മന്ത്രി വിജയ് ഷാക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മന്ത്രി കുൻവർ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷിയ്ക്കെതിരായ വിദ്വേഷ പരാമർശത്തിൽ പത്തു തവണ മാപ്പു പറയാൻ തയ്യാറെന്ന് ബിജെപി മന്ത്രി വിജയ് ഷാ പറഞ്ഞു. എൻഡിടിവി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അധിക്ഷേപ പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. ഷായുടെ അപക്വമായ പരാമർശത്തെ ബിജെപിയും വിമ‍ർശിച്ചിരുന്നു. പിന്നാലെയാണ് ഷമാപണവുമായി ഷാ രംഗത്തെത്തിയത്.

‘എന്റെ കുടുംബത്തിന് സൈനിക പശ്ചാത്തലമുണ്ട്, കാർഗിൽ യുദ്ധത്തിൽ ഉൾപ്പെടെ നിരവധി അംഗങ്ങൾ രക്തസാക്ഷികളായിട്ടുണ്ട്. ഇത്രയും ദുഃഖത്തോടെ പ്രസംഗിക്കുമ്പോൾ, ഞാൻ എന്തെങ്കിലും ആക്ഷേപകരമായ വാചകങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പത്ത് തവണ ക്ഷമാപണം നടത്താൻ ഞാൻ തയാറാണ്’ -വിജയ് പറഞ്ഞു.