മൊഴി എടുക്കാന്‍ വിളിപ്പിച്ചു; ഹാജരാകാതെ ‘ഒ ബൈ ഒസി’യിലെ ജീവനക്കാര്‍; തുടര്‍ നടപടികളിലേക്ക് കടക്കാന്‍ പൊലീസ്

1 min read
SHARE

തിരുവനന്തപുരം: സാമ്പത്തിക തിരിമറി കേസില്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാതെ, ദിയ കൃഷ്ണ നടത്തുന്ന സ്ഥാപനമായ ‘ഒ ബൈ ഒസി’യിലെ മൂന്ന് ജീവനക്കാര്‍. മൊഴി എടുക്കുന്നതിനായി ഇന്നലെ സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മ്യൂസിയം പൊലീസ് മൂന്ന് പേര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മൂന്ന് പേരും സ്റ്റേഷനില്‍ എത്തുകയോ ബന്ധപ്പെടുകയോ ചെയ്തില്ലെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വീട്ടില്‍ എത്തിയ പൊലീസിന് ജീവനക്കാരികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം. യുവതികള്‍ വീട്ടില്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്. ബാങ്ക് സ്റ്റേറ്റ്‌മെന്റ് വിവരങ്ങള്‍ ജീവനക്കാരില്‍ നിന്ന് അടിയന്തരമായി പൊലീസിന് അറിയേണ്ടതുണ്ട്. അതിനിടെ ദിയ കൃഷ്ണയുടെ ഓഡിറ്ററോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചു. ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ പണം മാറ്റിയതായാണ് പൊലീസിന്റെ നിഗമനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ദിയ കൃഷ്ണയ്‌ക്കെതിരെ ജീവനക്കാരികള്‍ നല്‍കിയത് കൗണ്ടര്‍ പരാതി മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദിയ കൃഷ്ണ, പിതാവും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍, സുഹൃത്ത് സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിലെ സാമ്പത്തിക തിരിമറിയ ചൂണ്ടിക്കാട്ടി ദിയ കൃഷ്ണയും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാര്‍ ഉന്നയിച്ചത്. സംഭവം ചര്‍ച്ചയായതോടെ ജീവനക്കാര്‍ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.