ഒരുപാട് നന്ദി, നരിവേട്ട ഏറ്റെടുത്ത പ്രേക്ഷകരോടുള്ള സ്നേഹം പങ്കുവെച്ച് ടൊവിനോ
1 min read

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രം നരിവേട്ട തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടുകയാണ്. സിനിമ ഏറ്റെടുത്ത ആരാധകരോടുള്ള നന്ദി പങ്കുവെക്കുകയാണ് നടൻ ടൊവിനോ. താൻ ഇപ്പോൾ ഓസ്ട്രേലിയയിൽ ആണെന്നും അവിടെ പ്രക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിരുന്നുവെന്നും ടൊവിനോ പറഞ്ഞു. സോഷ്യൽ മീഡിയ ലൈവിലൂടെയായിരുന്നു പ്രതികരണം.
‘നരിവേട്ട കഴിഞ്ഞ ദിവസം തിയറ്ററുകളിൽ എത്തി. ഒരുപാട് സന്തോഷം നൽകുന്ന പ്രതികരണങ്ങളാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരുപാട് സന്തോഷം. സിനിമ കാണുകയും നല്ലതാണെന്ന് പറയുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും ഒരുപാട് നന്ദി. ഓസ്ട്രേലിയയിൽ ആണ് ഞാൻ. ഇവിടെ പ്രേക്ഷകർക്കൊപ്പമിരുന്ന് സിനിമ കണ്ടിരുന്നു. കലക്കൻ അഭിപ്രായങ്ങളാണ് ലഭിച്ചത്. പറഞ്ഞ പ്രമേയത്തോട് പരമാവതി നീതിപുലർത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നു, ആഗ്രഹിച്ചിരുന്നു’, ടൊവിനോ പറഞ്ഞു.ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട.
