May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

‘കാർ അമിതവേഗതയിലായിരുന്നില്ല; അപകട കാരണം അമിത ഭാരം’; ആലപ്പുഴ RTO

1 min read
SHARE

ആലപ്പുഴ കളർകോ‍‍ട് അപകടത്തിന്റെ കാരണം വാഹനത്തിലെ അമിതഭാരമെന്ന് ആലപ്പുഴ ആർടിഒ. വാഹനത്തിന്റെ പഴക്കവും മഴയും അപകട കാരണമായെന്ന് ആർടിഒ മാധ്യമങ്ങളോട് പറഞ്ഞു. കാർ അമിത വേ​ഗതയിലായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വാഹനം ആരുടേതാണെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് ആർടിഒ പറഞ്ഞു. 14 വർഷം പഴക്കമുള്ള വാഹനമാണ്. കാറിന് ആന്റിലോക്ക് ബ്രേക്കിങ് സംവിധാനമില്ലായിരുന്നു.റോഡിൽ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. വാഹനം ഓവർലോഡ് ആയിരുന്നതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്ന് ആർടിഒ പറഞ്ഞു. ബ്രേക്ക് പിടിക്കാനുള്ള സമയം ഡ്രൈവർക്ക് കിട്ടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കും. ഒരു വസ്തുമുന്നിൽ കണ്ട് കാർ വെട്ടിച്ചെന്നായിരുന്നു ഡ്രൈവർ ആയിരുന്ന വിദ്യാർത്ഥി പറഞ്ഞത്. എന്നാൽ വീഡിയോയിൽ ഇത് കാണുന്നില്ല. അതിനാൽ വീഡിയോ ദൃശ്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്ന് ആർടിഒ പറഞ്ഞു. വാഹനം അനധികൃതമായിട്ടാണ് വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. റെന്റ് എ ക്യാബ് എന്ന സംവിധാനം സംസ്ഥാനത്തുണ്ട്. എന്നാൽ ഇവിടെ ഒരു വ്യക്തി സ്വകാര്യ വാഹനം വിദ്യാർത്ഥികൾക്ക് അനധികൃതമായാണ് നൽകിയത്. ഉടമസ്ഥനെ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആർടിഒ വ്യക്തമാക്കി. അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്. വാഹനാപകടത്തിൽ മരിച്ച അഞ്ച് വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകും. ശേഷം വിദ്യാർത്ഥികൾ പഠിച്ച ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.