അൻവറിന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി ശക്തവും വ്യക്തവുമായ തീരുമാനം എടുത്തുകഴിഞ്ഞു; എ.കെ. ബാലൻ

1 min read
SHARE

പൊലീസുമായി ബന്ധപ്പെട്ട് അന്‍വര്‍ എംഎല്‍എ ഉയർത്തിയ  ആരോപണങ്ങളിൽ മുഖ്യമന്ത്രി വ്യക്തവും ശക്തവുമായ തീരുമാനം എടുത്തിട്ടുണ്ടെന്ന് എ.കെ. ബാലൻ. ആരോപണം DGP അന്വേഷിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിലുള്ള സർക്കാർ തീരുമാനം മാതൃകാപരമാണെന്നും എ.കെ. ബാലൻ പറഞ്ഞു. പൊതുവെ കേരളത്തിലെ പൊലീസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രശ്നക്കാരായ ചില പൊലീസ് ഉദ്യോഗസ്ഥരെ കോൺഗ്രസാണ് വളർത്തിക്കൊണ്ടു വന്നിട്ടുള്ളത്. കെ. കരുണാകരന്റെ കാലത്തൊക്കെ അത് കണ്ടതാണ്.  പൊലീസ് പരീക്ഷയിൽ കോപ്പിയടി നടന്ന സംഭവമടക്കം യുഡിഎഫ് ഭരണകാലത്താണ് ഉണ്ടായിട്ടുള്ളത്. ടി.പി. സെന്‍കുമാറിനെതിരെയുള്ള അന്വേഷണമൊന്നും കേരളം മറന്നിട്ടില്ലെന്നും എ.കെ. ബാലൻ പറഞ്ഞു. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് വി.ഡി. സതീശന്‍ യുഡിഎഫ് ഭരണകാലത്താണ് മികച്ച പൊലീസ് എന്നു പറയുന്നത്. അഴിമതി കുറഞ്ഞ പൊലീസാണ് കേരളത്തിലുള്ളത്. ചില ഒറ്റപ്പെട്ട സംഭവങ്ങളില്‍ മുഖ്യമന്ത്രി കൃത്യമായി സമീപനം സ്വീകരിച്ചിട്ടുണ്ടെന്നും എ.കെ. ബാലൻ പറഞ്ഞു. സർക്കാരിന് തുറന്ന സമീപനമാണുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലടക്കം ഒരു പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇപ്പോൾ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ സിമി റോസ് ബെൽ എന്ന കോൺഗ്രസ് നേതാവ്  രാഷ്ട്രീയത്തിലും കാസ്റ്റിങ് കോച്ച് ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ആ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കണമെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു.