July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ജീവനക്കാരന്‍ മരിക്കുമ്പോള്‍ ആശ്രിതന് 13 വയസ് തികയണം’; ആശ്രിത നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാർ

1 min read
SHARE

തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു. സംസ്ഥാന സര്‍വ്വീസില്‍ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അര്‍ഹതയുണ്ട്. ജീവനക്കാരന്‍ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇന്‍വാലിഡ് പെന്‍ഷണര്‍ ആയ ജീവനക്കാര്‍ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.സര്‍വീസ് നീട്ടികൊടുക്കല്‍ വഴിയോ പുനര്‍നിയമനം മുഖേനയോ സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതര്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ ഉള്‍പ്പെടെ) അധ്യാപകരുടെ ആശ്രിതര്‍ക്കും നിയമനത്തിന് അര്‍ഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാര്‍ മരണപ്പെടാല്‍ അവരുടെ ആശ്രിതര്‍ക്ക് നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.ജീവനക്കാരന്‍ മരണമടയുന്ന തീയതിയില്‍ 13 വയസ്സോ അതിന് മുകളിലോ പ്രായമുളള ആശ്രിതരാവണമെന്ന് വ്യവസ്ഥയില്‍ പറയുന്നു. വിധവ/ വിഭാര്യന്‍, മകന്‍, മകള്‍, ദത്തെടുത്ത മകന്‍, ദത്തെടുത്ത മകള്‍, അവിവാഹിതരായ ജീവനക്കാരനാണെങ്കില്‍ അച്ഛന്‍, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരന്‍ എന്നീ മുന്‍ഗണനാ ക്രമത്തില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്. ആശ്രിതര്‍ തമ്മില്‍ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുന്‍ഗണനാ ക്രമത്തിലും നിയമനം നല്‍കും.ജീവനക്കാരന്‍ മരണമടയുന്ന സമയത്ത് വിവാഹിതരായ മകന്‍/മകള്‍ എന്നിവര്‍ വിവാഹശേഷവും അവര്‍ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസില്‍ദാരുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യന്‍, ഒഴികെയുള്ള ആശ്രിതര്‍ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതര്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യന്‍ നിര്‍ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നല്‍കും. വിധവ/വിഭാര്യന്‍ എന്നിവര്‍ക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.വിവാഹമോചിതരായ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തില്‍ മക്കള്‍ ഉണ്ടെങ്കില്‍ മകന്‍, മകള്‍, ദത്തുപുത്രന്‍, ദത്തു പുത്രി എന്ന മുന്‍ഗണനാ ക്രമത്തിലും അച്ഛന്‍/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരന്‍ എന്നിവര്‍ക്കും മുന്‍ഗണനാ ക്രമത്തില്‍, ഇവര്‍ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസില്‍ദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കില്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ട്.കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലോ, വകുപ്പുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങള്‍/ബാങ്കുകള്‍ (സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ) എന്നിവിടങ്ങളിലോ റെഗുലര്‍ ആയി ഉദ്യോഗത്തില്‍ പ്രവേശിച്ചു കഴിഞ്ഞവര്‍ക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അര്‍ഹതയില്ല. നിയമപരമായി ആദ്യ ഭാര്യ/ഭര്‍ത്താവിനെ വേര്‍പിരിഞ്ഞ് പുനര്‍ വിവാഹം ചെയ്യുന്ന കേസുകളില്‍ ആദ്യ ഭാര്യ അല്ലെങ്കില്‍ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും അര്‍ഹതയുണ്ട്. പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകള്‍ അനുവദിച്ച് നല്‍കുന്നത്. വിവിധ വകുപ്പുകളില്‍ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സര്‍വീസസ്-ഡി) വകുപ്പില്‍ സീനിയോറിറ്റി ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്യും.