May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 11, 2025

കാട്ടാനയെയും വകവെക്കാതെ ഇൻക്വസ്റ്റിനെത്തി, എന്നാൽ സംഭവിച്ചത് മറ്റൊന്ന്; കേരള പൊലീസിന് ഒരു പൊൻ തൂവൽ കൂടി

1 min read
SHARE

മുണ്ടക്കയത്ത് ഒറ്റയ്ക്ക് താമസിച്ച സ്ത്രീ മരിച്ചെന്ന വിവരമറിഞ്ഞ് ഇൻക്വസ്റ്റിനെത്തിയ പൊലീസിന്റെ ഇടപെടലിൽ ഒരു ജീവൻ രക്ഷിക്കാനായി. മുണ്ടക്കയം തെക്കേമല സ്വദേശിനിയായ 70 കാരി നബീസയെയാണ് പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നബീസ ഇപ്പോൾ.

ഭർത്താവ് മരിച്ചശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു നബീസ. രണ്ടുദിവസമായി ഇവരെ പുറത്ത് കാണാത്തതിനെത്തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ അയൽവാസികൾ തിരക്കി വീട്ടിലെത്തി. വീടിന്റെ വാതിൽ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. ഒപ്പം കട്ടിലിനുതാഴെ നബീസയെ അനക്കമറ്റനിലയിൽ കണ്ടെത്തുകയും ചെയ്തു.

അയൽക്കാർ ഉടനെ തന്നെ ഈ വിവരം പെരുവന്താനം പൊലീസിൽ അറിയിച്ചു. എസ്എച്ച്ഒ ത്രിദീപ് ചന്ദ്രന്റെ നിർദേശപ്രകാരം, എസ്ഐ കെആർ അജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് രാത്രി 9 മണിയോടെ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്റ്റേഷനിൽനിന്ന്‌ 15 കിലോമീറ്റർ അകലെയുള്ള കാനമ്മലയിലേക്കുള്ള യാത്രയിൽ വഴിയിൽ കാട്ടാന തടസ്സമുണ്ടാക്കി. ഉടൻ തന്നെ പൊലീസ് വനപാലകരെ വിവരമറിയിക്കുകയായിരുന്നു. സംഘം എത്തിയപ്പോഴേക്കും ആന വനത്തിലേക്ക് ഉൾവലിഞ്ഞു.

വീട്ടിലെത്തി ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് നബീസയ്ക്ക് ജീവനുണ്ടെന്ന് എസ്ഐ അജേഷിന് സംശയം തോന്നിയത്. ആൾക്ക് ജീവനുണ്ടെന്ന് ഉറപ്പായതോടെ, എസ്ഐ മുഹമ്മദ് അജ്മൽ, പൊലീസുകാരായ ആദർശ്, ഷെരീഫ് എന്നിവർചേർന്ന് പുതപ്പിൽ പൊതിഞ്ഞ് ഇവരെ എടുത്ത് പൊലീസ് ജീപ്പിൽ കയറ്റി. തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രമേഹം കൂടിയതിനെത്തുടർന്നാണ് നബീസ അബോധാവസ്ഥയിലായത്. കുറച്ചുസമയംകൂടി കഴിഞ്ഞിരുന്നെങ്കിൽ ഇവരുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. നവീസ അപകടനില തരണം ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി. വിവാഹിതരായ രണ്ട് പെണ്മക്കളാണ് ഇവർക്കുള്ളത്.