തരുന്ന റോളുകൾ ബെസ്റ്റ് ആക്കി കയ്യിൽകൊടുക്കുന്നതാണ് രീതി, പാർട്ടി സീറ്റ് നൽകിയാൽ ബാക്കി നോക്കാം: എം മുകേഷ്

തിരുവനന്തപുരം: ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ലെന്ന് എം മുകേഷ് എംഎല്‍എ. എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പൊതു പ്രവര്‍ത്തനം തുടരും. തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍ കൊടുക്കുന്നതാണ് രീതി എന്നും മുകേഷ് പറഞ്ഞു.
പാര്‍ട്ടി സീറ്റ് നല്‍കിയാല്‍ അപ്പോള്‍ നോക്കാം. ഒരിക്കലും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പ്രകടിപ്പിക്കുകയും ഇല്ല. ബാക്കി എല്ലാം പാര്‍ട്ടി പറയട്ടെ. പാര്‍ട്ടിയുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും എം മുകേഷ് പറഞ്ഞു. തന്ന റോള്‍ ഗംഭീരമാക്കിയിട്ടുണ്ട്. ആ ആത്മവിശ്വാസം തനിക്കുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ചോദ്യത്തോട് മുകേഷ് പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവനേതാക്കളെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ അവസ്ഥയെ മറികടന്ന് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്താന്‍ യുവനേതാക്കള്‍ക്ക് കഴിയുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. കൊല്ലത്ത് ചിന്ത ജെറോം പരിഗണനയിലുണ്ട്. എം മുകേഷിന് പകരമായാണ് ചിന്തയെ പരിഗണിക്കുന്നത്.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ പരിഗണിക്കുന്നത് എലത്തൂരിലാണ്. എന്‍സിപിയില്‍ നിന്ന് മണ്ഡലം സിപിഐഎം ഏറ്റെടുക്കുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായില്ലെങ്കില്‍ കുന്നമംഗലത്തായിരിക്കും വസീഫ് ജനവിധി തേടുക. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് കണ്ണൂര്‍ ജില്ലയില്‍ നിന്ന് മത്സരിക്കും. കെ കെ ഷൈലജ മത്സര രംഗത്തില്ലെങ്കില്‍ മട്ടന്നൂരില്‍ നിന്നായിരിക്കും സനോജ് മത്സരിക്കുക. അല്ലെങ്കില്‍ തളിപ്പറമ്പിലേക്കും സനോജിനെ പരിഗണിക്കുന്നുണ്ട്. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വി പി സാനുവിനേയും മത്സരത്തിനിറക്കിയേക്കും. കെ ടി ജലീല്‍ മത്സരരംഗത്തില്ലെങ്കില്‍ തവനൂരില്‍ നിന്ന് സാനു മത്സരിക്കാനാണ് സാധ്യത. എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പേര് ഷൊര്‍ണ്ണൂരില്‍ ആലോചിക്കുന്നുണ്ട്. ആര്‍ഷോ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യതയേറെയാണ്.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ പേരും ചര്‍ച്ചകളിലുണ്ട്. ആലപ്പുഴയിലെ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് ശിവപ്രസാദ് മത്സരിക്കാനാണ് സാധ്യത. അതേസമയം ജെയ്ക്ക് സി തോമസ് ഇക്കുറി മത്സരിക്കില്ല. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പരിഗണിക്കുന്നതിനാലാണിത്.

