നീറ്റ് ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം; മന്ത്രി ഡോ: ആർ. ബിന്ദു

1 min read
SHARE

നീറ്റ് ക്രമക്കേടിൽ സമഗ്ര അന്വേഷണം വേണം എന്നാവശ്യവുമായി മന്ത്രി ഡോ : ആർ. ബിന്ദു കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കു കത്തയച്ചു,

കത്തിന്റെ ഉള്ളടക്കത്തിലേക്കു…. കാൽക്കോടിയോളം വിദ്യാർത്ഥികൾ എഴുതിയ നീറ്റ് 2024 പ്രവേശന പരീക്ഷയിൽ ആരോപിക്കപ്പെടുന്ന ക്രമക്കേടും ചോദ്യപ്പേപ്പർ ചോർച്ചയും സമഗ്രമായി അന്വേഷിക്കണം. നീറ്റ് പ്രവേശന പരീക്ഷയുടെ വിശ്വാസ്യത വീണ്ടെടുക്കാനും ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനും ശക്തമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തയച്ചു. മെയ് അഞ്ചിന് രാജ്യത്തിനകത്തും പുറത്തുമായി നിരവധി കേന്ദ്രങ്ങളിൽ നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം വന്നതിനു പിന്നാലെ ഗണ്യമായൊരെണ്ണം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പരീക്ഷാ നടപടിയെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചതാണ്. സാധാരണ ഒന്നോരണ്ടോ പേർ മുഴുവൻ മാർക്കും നേടി ഒന്നാമതെത്തുന്ന സ്ഥാനത്ത് 67 പേർ 99.99 ശതമാനം മാർക്കോടെ ഒന്നാംറാങ്കുകാരായതാണ് പ്രധാനമായും ആശങ്കയുണരാൻ കാരണമായത്. പരീക്ഷാ നടത്തിപ്പിലെ ന്യായവും സുതാര്യതയും സംബന്ധിച്ച് ഇത് സംശയങ്ങളുണർത്തി. ആക്ഷേപങ്ങൾ പരിഗണിച്ച് പരീക്ഷാ നടത്തിപ്പ് ഏജൻസിയായ എൻ ടി എ പരാതി പരിഹാര സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത് നന്നെങ്കിലും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച ആരോപണങ്ങൾ അതിലേറെ ഗൗരവമർഹിക്കുന്നതാണ്. അടിയന്തിരവും സമഗ്രവുമായ അന്വേഷണം അവ ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ സംവിധാനത്തിന്റെ വിശ്വാസ്യത പരമപ്രധാനമാണ്. അതിൽ പാളിച്ച വരുന്നത് ലക്ഷോപലക്ഷം വിദ്യാർത്ഥികളുടെ ഉന്നതപഠന സ്വപ്നങ്ങളെയും പരീക്ഷാനടത്തിപ്പ് ചുമതലയുള്ള സംവിധാനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയും ഹാനികരമായി ബാധിക്കും. അക്കാരണത്താൽത്തന്നെ ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതും നീറ്റ് പരീക്ഷാപ്രക്രിയയിലുള്ള വിശ്വാസം വീണ്ടെടുക്കേണ്ടതും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണ്.