തീ ആളിക്കത്തുമ്പോഴും അയാള്‍ മനോധൈര്യം കൈവിട്ടില്ല; മൂന്നാം നിലയില്‍നിന്ന് എടുത്ത് ചാടിയത് വാട്ടര്‍ ടാങ്കിലേക്ക്; നളിനാക്ഷന് ഇത് രണ്ടാം ജന്മം
1 min readതൃക്കരിപ്പൂർ (കാസർകോട്): ദുരന്തവാർത്തകള്‍ മാത്രം വരുന്ന കുവൈറ്റില്‍ നിന്ന് ഒരു ആശ്വാസവാർത്ത കൂടി. നിരവധി പേരുടെ ജീവനെടുത്ത കുവൈത്ത് തീപിടുത്തത്തില്‍ അത്ഭുതകരവും സാഹസികവുമായാണ് തൃക്കരിപ്പൂർ സ്വദേശിയായ നളിനാക്ഷൻ രക്ഷപ്പെട്ടത്. നളിനാക്ഷന്റെ ശബ്ദം ഫോണില്‍ കേട്ടപ്പോള്‍ കുടുംബത്തിന് സമാധാനമായി. നിരവധി പേർ തീപിടിത്തത്തില്‍ മരിച്ചുവെന്ന വാർത്ത പരന്നതോടെ നളിനാക്ഷന്റെ വീട്ടില്‍ ആശങ്കകളുടെ മണിക്കൂറുകളാണ് കടന്നു പോയത്. അമ്മ യശോദക്കും ഭാര്യ ബിന്ദുവിനും സഹോദരങ്ങള്‍ക്കും ആശ്വാസമായി ആ ഫോണ്‍ കോള്‍ തേടി എത്തുകയായിരുന്നു. ‘കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തീയിലും പുകയിലും പെട്ടപ്പോള്‍ എന്തു ചെയ്യണമെന്നു നിശ്ചയമില്ലായിരുന്നു. വെന്തെരിയുമെന്ന ഘട്ടം വന്നപ്പോഴാണ് താഴെയുള്ള വാട്ടർ ടാങ്കിന്റെ കാര്യം ഓർത്തത്. ചാടാൻ പറ്റുന്ന പാകത്തിലാണെന്നും ഓർത്തു. പിന്നീടൊന്നും ആലോചിച്ചില്ല. ആ ഭാഗത്തേക്ക് എടുത്തു ചാടി. വീഴ്ചയില്‍ അരയ്ക്കു താഴെ പരുക്കേറ്റു. ആശുപത്രിയില്‍ എത്തുന്നതുവരെ ബോധമുണ്ടായില്ല’- നളിനാക്ഷൻ പറഞ്ഞു. 10 വർഷത്തിലേറെയായി കുവൈത്തില്‍ ജോലിയെടുക്കുന്ന നളിനാക്ഷൻ, വിവിധ സംഘടനകളുമായി ചേർന്നു സന്നദ്ധ പ്രവർത്തനവും നടത്തുന്നുണ്ട്.