സമയ പരിധി കഴിഞ്ഞു, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണം; കേന്ദ്രത്തിന് കത്തെഴുതി സുപ്രീംകോടതി
1 min read

മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന് ബംഗ്ലാവ് അടിയന്തരമായി ഒഴിപ്പിക്കണം എന്നാണ് ആവിശ്യം. അനുവദിച്ച കാലയളവ് കഴിഞ്ഞിട്ടും ചന്ദ്രചൂഡ് വസതിയിൽ തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എന്നാൽ വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.നവംബറിലാണ് ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ചന്ദ്രചൂഡ് വിരമിച്ചത്. വിരമിച്ചതിന് ശേഷം ആറു മാസം വരെ വാടകയില്ലാതെ ഔദ്യോഗിക വസതിയിൽ താമസിക്കാം. എന്നാൽ, ജസ്റ്റിസ് ചന്ദ്രചൂഡ് ഏഴ് മാസത്തിലേറെയായി ഈ വസതിയിൽ താമസിക്കുകയാണ്. അദ്ദേഹത്തിന്റെ പിൻഗാമികളായ മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയും ചീഫ് ജസ്റ്റിസിന്റെ ഒദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല.ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകുമെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
