ആര്‍സിബി വിജയാഘോഷത്തിനിടെ ദുരന്തം: നിഖില്‍ സൊസാലെയ്ക്ക് ഇടക്കാല ജാമ്യം

1 min read
SHARE

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയതിന് പിന്നാലെ നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായിരുന്ന ആര്‍സിബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ നിഖില്‍ സൊസാലെയ്ക്ക് കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ജൂണ്‍ നാലിനായിരുന്നു അതിദാരുണമായ അപകടം. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ജൂണ്‍ ആറിനായിരുന്നു പ്രത്യേക അന്വേഷണ സംഘം നിഖില്‍ സൊസാലെയെ അറസ്റ്റ് ചെയ്തത്. വിജയാഘോഷത്തിന്റെ ചുമതല ഏറ്റെടുത്തിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ജാമ്യം ലഭിച്ചിട്ടുള്ളതായാണ് വിവരം. സൊസാലെയുടേത് അടക്കം മൂന്ന് പേരുടെയും പാസ്‌പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേ സമയം വ്യാഴാഴ്ച്ച ആര്‍സിബി ഉദ്യോഗസ്ഥനടക്കം മൂന്ന് പേരുടെയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മൂവരെയും വിട്ടയക്കാനും രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിക്കുകയായിരുന്നു.