സ്മാർട്ട് സിറ്റി സോളാർ പദ്ധതിയുടെ മറവിൽ അനെർട്ടിൽ കോടികളുടെ വെട്ടിപ്പ്

1 min read
SHARE

തിരുവനന്തപുരം: സർക്കാർ പൊതുമേഖലാ സ്ഥാപനമായ അനെർട്ടിൽ കോടികളുടെ വെട്ടിപ്പ്. സ്മാർട് സിറ്റി സോളാർ പദ്ധതിയുടെ മറവിലാണ് കേന്ദ്രസർക്കാർ ഉത്തരവ് ലംഘിച്ചുള്ള വെട്ടിപ്പ് നടന്നത്. വെട്ടിപ്പ് നടന്നുവെന്ന് തെളിയിക്കുന്ന നിയമസഭാ രേഖകൾ  പുറത്തുവിട്ടു.പദ്ധതിക്ക് പണം നൽകുന്നത് കേന്ദ്രസർക്കാർ ആണെങ്കിലും കേന്ദ്ര പാരമ്പര്യേതര ഉർജ മന്ത്രാലയം പറഞ്ഞ നിരക്കിൻ്റെ ഇരട്ടിയോളം തുകയ്ക്കാണ് അനെർട്ട് ടെണ്ടർ നൽകിയിരിക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 514 സ്ഥാപനങ്ങളിലായി ആകെ 101 കോടി രൂപയാണ് ഇതുവരെ സ്മാർട്ട് സിറ്റി പദ്ധതിക്ക് വേണ്ടി സോളാർ പാനൽ സ്ഥാപിക്കാൻ ചെലവഴിച്ചത്.റീജിയണൽ കാൻസർ സെൻ്ററിൽ 100 കിലോ വാട്ട് പ്ലാൻ്റ് സ്ഥാപിക്കാൻ കേന്ദ്ര നിർദേശപ്രകാരമുള്ള കണക്ക് പ്രകാരം 36 ലക്ഷം രൂപ മാത്രമേ പരമാവധി ആകാവൂ. എന്നാൽ അനെർട്ട് ടെണ്ടർ കൊടുത്തിരിക്കുന്നത് 64 ലക്ഷം രൂപയ്ക്കാണെന്നും രേഖയിൽ പറയുന്നു. ടൈറ്റാനിയത്തിൽ രണ്ട് മെഗാവാട്ട് സ്ഥാപിക്കാൻ 11 കോടി രൂപയുടെ ടെണ്ടറാണ് അനെർട്ട് കൊടുത്തത്. പക്ഷേ 7 കോടി രൂപ മാത്രമേ കേന്ദ്ര നിർദേശ പ്രകാരം ആകാവൂ. ചരിത്രത്തിലാദ്യമായി ഐഎഫ് എസ് ഓഫീസറെയാണ് അനെർട്ട് സിഇഒ ആയി മന്ത്രി കൃഷ്ണൻകുട്ടി ചുമതലപ്പെടുത്തിയത്. എന്നാൽ ദൂരവും സ്ഥലവും ആണ് ഇത്രയേറെ തുക കൂടാൻ കാരണമെന്നാണ് അനെർട്ട് സിഇഒ നരേന്ദ്രനാഥ് വേലൂരിയുടെ വിചിത്ര വാദം.അതേസമയം അനെർട്ടിലെ പർച്ചേഴ്സുമായി ബന്ധപ്പെട്ട് ഒരു ഫയലും താൻ കൈകാര്യം ചെയ്തിട്ടില്ലെന്ന് മുൻ പർ‍ച്ചേഴ്സ് മാനേജർ ആരോ​ഗ്യദാസ്  പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായി ഒന്നും തനിക്ക് അറിയില്ല, ടെൻഡർ നടപടികൾക്ക് തന്നെ വിളിച്ചിട്ടുമില്ല. വിരമിച്ചതിന് ശേഷമാണ് ക്രമക്കേട് നടന്നതായി തനിക്ക് മനസ്സിലായത്. അന്വേഷണം വരികയാണെങ്കിൽ സഹകരിക്കുമെന്നും ആരോ​ഗ്യദാസ് പറഞ്ഞു.