ഭീകരരെ അഴിച്ചുവിടുന്നു; യൂനിസിനോട് പ്രതികാരം ചെയ്തിരിക്കുമെന്ന് ഹസീനയുടെ വെല്ലുവിളി

1 min read
SHARE

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനുസിനെ വെല്ലുവിളിച്ചിരിക്കുകയാണ്. രാജ്യത്ത് അധര്‍മം വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന യൂനുസ് രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്ന് ഹസീന പറഞ്ഞു. സൂം മീറ്റിംഗിനിടെയാണ് ഹസീസ യൂനുസിനെ വെല്ലുവിളിച്ചിരിക്കുന്നത്. തിരികെ ബംഗ്ലാദേശിലെത്തി പ്രതികാരം ചെയ്യുമെന്നാണ് ഹസീനയുടെ വെല്ലുവിളി.
മരിച്ചുവീണ ഉദ്യോഗസ്ഥര്‍ക്ക് നീതി നേടിക്കൊടുക്കുമെന്ന് പറഞ്ഞ ഹസീന, താന്‍ ജീവിച്ചിരിപ്പുണ്ടേല്‍ ബംഗ്ലദേശ് വീണ്ടും ഭരിക്കുമെന്നും അഭിപ്രായപ്പെട്ടു. ക്രിമിനലുകളുടെ തലവന്‍ എന്നര്‍ഥമുള്ള ‘മോബ്സ്റ്റര്‍’ എന്ന പദമാണ് യൂനുസിനെ വിശേഷിപ്പിക്കാന്‍ ഹസീന ഉപയോഗിച്ചത്. അതേസമയം ബംഗ്ലാദേശിലേക്ക് ഹസീനയെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇടക്കാല ഭരണകൂടം.

 

2024 ഓഗസ്റ്റ് മുതല്‍ ഇന്ത്യയില്‍ അഭയം തേടിയ ഹസീന കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഇളക്കിമറിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നാല് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുമായി സൂം മീറ്റില്‍ സംസാരിച്ചു. യൂനുസിന്റെ ഗൂഢാലോചനയാണ് ബംഗ്ലാദേശ് സംഘര്‍ഷത്തിന് പിന്നിലെന്ന് ആരോപിച്ച ഹസീന നോബര്‍ ജേതാവായ ഒരാള്‍ രാജ്യത്ത് മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്നും തുറന്നടിച്ചു.

 

അതേസമയം യൂനുസിന് കീഴിലുള്ള ഇടക്കാല സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷത്തില്‍ പ്രതിഷേധക്കാരോട് അനീതിയും ക്രൂരതയും കാട്ടിയെന്ന് ആരോപിച്ച് 41 പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നാണ് നിലവിലത്തെ സര്‍ക്കാരിന്റെ കണ്ടെത്തല്‍. പൊലീസുകാരുടെ കൊലപാതകങ്ങള്‍ തന്നെ അധികാരത്തില്‍നിന്നു പുറത്താക്കാനുള്ള പദ്ധതികളുടെ ഭാഗമായിരുന്നു. പ്രക്ഷോഭത്തില്‍ 450 ഓളം പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും ഹസീന പറഞ്ഞു.