ഉത്തരാഖണ്ഡ് മഞ്ഞിടിച്ചിൽ; രക്ഷാപ്രവർത്തനം പൂർത്തിയായി
1 min read

ഉത്തരാഖണ്ഡിലെ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പൂർത്തിയായി. മൂന്നാം ദിവസം നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി. രക്ഷപ്പെടുത്തിയ 46 തൊഴിലാളികളെ ജോഷിമഠിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.
ബദരീനാഥിലെ മന ഗ്രാമത്തിനടുത്തുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പ് മേഖലയിലായിരുന്നു മഞ്ഞിടിച്ചിൽ ഉണ്ടായത്. 54 തൊഴിലാളികളാണ് അപകടസമയത്ത് ക്യാമ്പിൽ ഉണ്ടായിരുന്നതെന്നും, അപകടത്തിൽ പെട്ടെന്ന് കരുതിയ ഒരാൾ അനധികൃത അവധിയിൽ ഹിമാചൽ പ്രദേശിലെ വീട്ടിൽ ഉണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ സെക്രട്ടറി വിനോദ് കുമാർ സുമൻ അറിയിച്ചു.കരസേനയുടെ അഞ്ചും വ്യോമസേനയുടെ രണ്ടും അടക്കം 8 ഹെലികോപ്റ്ററുകളിൽ ആയാണ് രക്ഷപ്പെട്ടവരെ ജോഷിമഠ് മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ നേരത്തെ തന്നെ ജോഷിമഠിൽ എത്തിച്ചിരുന്നു.
അഞ്ച് ക്വാഡ് കോപ്റ്ററുകളും മൂന്ന് മിനി ഡ്രോണുകളും, മഞ്ഞിൽ തിരയാൻ പ്രത്യേക പരിശീലനം ലഭിച്ച റോബിൻ എന്ന നായയെയും ഉപയോഗിച്ച് 200 രക്ഷാപ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാ ദൗത്യം പൂർത്തിയാക്കിയത്.
