വയനാട് പുനരധിവാസം: ടൗണ്‍ഷിപ് ഒഴിവാക്കി വെവ്വേറെ വീടും ഭൂമിയും നല്‍കുന്നത് ആലോചനയില്‍
1 min read

ടൗണ്‍ഷിപ് ഒഴിവാക്കി വീടും ഭൂമിയും നല്‍കുന്ന വയനാട് പുനരധിവാസ പദ്ധതി നടപ്പാക്കുന്നത് സര്‍ക്കാര്‍ ആലോചനയില്‍.
കേന്ദ്ര ഫണ്ട് ലഭിക്കാത്തതും വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ മുന്നോട്ടുവന്നവര്‍ക്ക് ഇതുവരെ ഉറപ്പുനല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് ടൗണ്‍ഷിപ് പദ്ധതി ഒഴിവാക്കുന്നത് സജീവ ആലോചനയിലുള്ളത്. ഇക്കാര്യം സ്ഥിരീകരിക്കുന്ന സൂചനയാണ് റവന്യൂ മന്ത്രി കെ. രാജൻ വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിച്ചപ്പോഴും നല്‍കിയത്.
പുനരധിവാസത്തിന് ഭൂമി ഒരുമിച്ച് കിട്ടാനുള്ള പ്രശ്നമാണുള്ളതെന്ന് മന്ത്രി അറിയിച്ചു. പുനരധിവാസത്തില്‍ സർക്കാറിന് അമാന്തമില്ല. വീട് വാഗ്ദാനം ചെയ്തവരുടെ യോഗം ഉടൻ വിളിക്കും. എസ്.ഡി.ആർ.എഫിലെ തുക സംബന്ധിച്ച് കോടതി ഇടപെടലോടെ കണക്കുകള്‍ ബോധ്യമായെന്ന് മന്ത്രി വ്യക്തമാക്കി.
ടൗണ്‍ഷിപ് പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശമാണ് പുനരധിവാസം വൈകാന്‍ ഇടയാക്കിയതെന്ന വിമര്‍ശനമാണ് ഉയരുന്നത്. കണ്ടെത്തിയ പ്ലാന്റേഷന്‍ ഭൂമി നിയമക്കുരുക്കില്‍ പെട്ടതോടെ പുനരധിവാസ നടപടികള്‍ സങ്കീര്‍ണമായി. വയനാടിന് 100 വീട് നിര്‍മിച്ചുനല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചെങ്കിലും മറുപടി നല്‍കാത്ത നിലപാട് വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമിയും വീടും മാത്രമായി പദ്ധതി നടപ്പാക്കുന്നത് സജീവമായി ആലോചിക്കുന്നത്.
