അന്താരാഷ്ട്ര മാസ്റ്റേഴ്സ് വോളിയിൽ തിളങ്ങി യുവധാര പട്ടാന്നൂരിന്റെ താരങ്ങൾ

1 min read
SHARE

പട്ടാന്നൂർ | യു.എ.ഇ.യിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ തിളങ്ങി യുവധാര പട്ടാന്നൂരിന്റെ താരങ്ങൾ. വടകര ഐ.പി.എം വോളി അക്കാദമി ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ പങ്കെടുത്തത്‌. ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് അപ്പായ ടീമിന് വേണ്ടി യുവധാര പട്ടാന്നൂരിന്റെ ബോബി അഗസ്റ്റിൻ, ബിജേഷ് കോട്ടൂർ, അശോകൻ പട്ടാന്നൂർ, ബിനു ജോർജ് എന്നിവരാണ് കളത്തിലിറങ്ങിയത്. 45 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. ഫൈനലിൽ യു എ ഇയോട് പരാജയപ്പെട്ടു. ടൂർണമെന്റിലെ മികച്ച ഓൾറൗണ്ടർ പുരസ്കാരം ബോബി അഗസ്റ്റിൻ നേടി. യുവധാരയുടെ ക്യാപ്റ്റനാണ് സെറ്റർ കൂടിയായ അശോകൻ. മിഡിൽ ബ്ലോക്കർ പൊസിഷനിലാണ് ബിനു ജോർജ് കളിച്ചത്. ടീമിന്റെ അറ്റാക്കറാണ് ബിജേഷ്. ഇവർക്കൊപ്പം ടി പി കാസിം, ഇന്ത്യൻ റെയിൽവേയുടെ ടി ബബീഷ് കുമാർ, കൊൽക്കത്ത പോർട്ട്‌ താരങ്ങളായ ജെ എം മുഹമ്മദ്, ഇ അനുരാഗ് എന്നിവരും ഉണ്ടായിരുന്നു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ കഴിഞ്ഞ 14, 15 തീയതികളിൽ ആയിരുന്നു മത്സരം. പാകിസ്താൻ, ഫിലിപ്പീൻസ്, യൂറോപ്യൻ യൂണിയൻ, യുക്രൈൻ നിന്നായി 12 പുരുഷ ടീമുകളും 6 വനിത ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.