‘500 മില്ലിയുടെ 12 ബോട്ടിലുകൾ’, ക്രിസ്തുമസിന് ചില്ലറ വിൽപനയ്ക്കായി ശേഖരിച്ചത് പുതുച്ചേരി മദ്യം, 60കാരൻ പിടിയിൽ
1 min read

കൽപ്പറ്റ: വയനാട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച് വിൽപന നടത്താനുള്ള ശ്രമത്തിൽ 60കാരൻ പിടിയിൽ. പുതുച്ചേരിയിൽ നിന്നാണ് ഇയാൾ വിദേശ മദ്യമെത്തിച്ച് വിൽപ്പനക്കായി സൂക്ഷിച്ചത്. കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കണിയാമ്പറ്റ മില്ല് മുക്ക് പോയിലൻ വീട്ടിൽ ഖാദർ ആണ് പിടിയിലായത്.
കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മാത്രം വിൽപ്പന നടത്താവുന്ന 500 മില്ലി ലിറ്റർ വരുന്ന പന്ത്രണ്ട് ബോട്ടിൽ മദ്യമാണ് പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ തെരച്ചിലിനെ തുടർന്ന് പിടിച്ചെടുത്തത്. ഇയാളുടെ മദ്യ വില്പനയെ കുറിച്ച് കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം.എ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുതുച്ചേരിയിൽ നിന്ന് മദ്യം എത്തിച്ച് കൂടിയ വിലയിൽ ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.
