September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 26, 2026

കാസര്‍ഗോഡ് – വയനാട് 400 കെ.വി ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി യോഗം വിളിച്ചു ചേർത്തു .

SHARE

 

തിരുവനന്തപുരം: കാസര്‍ഗോഡ് – വയനാട് 400 കെ.വി ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച ചര്‍ച്ചയില്‍ പുരോഗതി.

കൃഷിക്കാര്‍ക്ക് നഷ്ടപ്പെടുന്ന കാര്‍ഷിക വിളകള്‍ക്കും സ്ഥലത്തിനും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ലൈന്‍ കടന്നു പോകുന്ന സ്ഥലങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാര തുക സംബന്ധിച്ച് ഏകദേശ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ വീടുകളെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ ആയവ പ്രത്യേക പാക്കേജായി കണക്കാക്കണമെന്നും നിശ്ചയിച്ച ഭൂമിയുടെ ഏറ്റവും കുറഞ്ഞ ന്യായവില അയ്യായിരം രൂപയില്‍ നിന്ന് പതിനായിരം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും പാക്കേജ് സംബന്ധിച്ച അന്തിമ തീരുമാനം ഉടന്‍ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിലെ അലൈന്‍മെന്റില്‍ ചില മാറ്റങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങള്‍ പ്രായോഗികമല്ലന്ന് കെ.എസ്.ഇ.ബി നിലപാടെടുത്തു.

യോഗത്തില്‍ എം.എല്‍.എ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ.എസ്.ഇ.ബി ചെയര്‍മാന്‍ മിര്‍ മുഹമ്മദ് അലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി.ഷാജി, ബേബി ഓടംമ്പള്ളി, മിനി ഷൈബി, ജോജി കന്നിക്കാട്ടില്‍, സാജു സേവ്യര്‍, കുര്യാച്ചന്‍ പയ്യംമ്പള്ളി കുന്നേല്‍, പി.ര‍ജനി, സി.ടി. അനീഷ്, കെ.പി.രാജേഷ്, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് വ‍ര്‍‍ഗ്ഗീസ്, ഭാരവാഹികളായ ഫാ. പയസ്സ് പടിഞ്ഞാറെമുറിയില്‍, ബെന്നി പുതിയാംപുറം, ടോമി കുമ്പിടിമാക്കല്‍, ഒ.വി. ഷാ‍ജു, കെ.എസ്.ഇ.ബി ഡയറക്ടര്‍ ബിജു. ആര്‍, ചീഫ് എഞ്ചിനീയര്‍ ഷീബ.കെ.എസ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കൃഷ്ണേന്ദു.എം തുടങ്ങിയവര്‍ പങ്കെടുത്തു.