ഉഗ്ര ശബ്ദത്തിൽ നിലം പതിച്ചത് മേൽപ്പാലത്തിലെ 4 ഗർഡറുകൾ; ആലപ്പുഴയിൽ ഒഴിവായത് വൻ അപകടം

1 min read
SHARE

ആലപ്പുഴയിൽ ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ബൈപാസ്‌ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ തകർന്നുവീണു . അപകടം നടക്കുന്ന സമയത്ത് ഒരാൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗർഡറുകൾ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിർമ്മാണത്തൊഴിലാളികൾ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികൾ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപ്പാലത്തിൻ്റെ 4 കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. അപകടത്തിൽ സമീപത്തുള്ള വീടുകളിൽ വിള്ളൽ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചിൽ വിജയ പാർക്കിൻ്റെ വടക്കുവശം നിർമ്മാണത്തിലിരുന്ന പുതിയ ബൈപ്പാസ്‌ പാലത്തിൻ്റെ ഗർഡറുകളാണ്‌ പൊളിഞ്ഞുവീണത്‌. ഏതാനും ആഴ്ചകൾക്ക് മുൻപായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.പൊലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എപ്പോഴും ആളുകൾ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളർകോട് മുതൽ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേൽപ്പാലം നിർമ്മിക്കുന്നത്.