September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

ദേശീയപാതയിലെ തകർച്ച; വീഡിയോയിൽ സ്ത്രീത്വത്തെ അപമാനിച്ചു, വ്ലോഗർക്കെതിരെ പരാതിയുമായി കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ

SHARE

സ്ത്രീത്വത്തെ അപമാനിച്ചതിന് വ്ലോഗർക്കെതിരെ മലപ്പുറം കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സന്റെ പരാതി. കൊണ്ടോട്ടി സ്വദേശി പാണാളി ജുനൈസിനെതിരെ നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ പരാതി നൽകിയത്. ദേശീയപാതയിലെ തകർച്ചയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ തന്നെയും സ്ത്രീത്വത്തെയും അപമാനിച്ചുവെന്നും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും ഉണ്ടെന്നും ചെയർപേഴ്സൺ പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് വനിത കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും ചെയർപേഴ്സൺ പരാതി നൽകി. മുൻസിപ്പാലിറ്റിയുടെ വീഴ്ചയാണ് ഉയർത്തി കാണിച്ചത് എന്നാണ് വ്ലോഗറുടെ വിശദീകരണം.

കഴിഞ്ഞ കുറെ നാളുകളായി കൊണ്ടോട്ടിയിലെ ദേശീയ പാതയിൽ റോഡ് തകർന്ന നിലയിലാണ്. അതുകൊണ്ടുതന്നെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നതും. വലിയ രീതിയിലുള്ള ഗതാഗത കുരുക്കും ഈ മേഖലയിൽ ഉണ്ട്. ഈ വിഷയം ചൂണ്ടിക്കാട്ടിയാണ് ജുനൈസ് വീഡിയോയിൽ സംസാരിച്ചത്. വിഷയത്തിൽ നഗരസഭ ചെയർപേഴ്സണ് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു.

അതേസമയം, വ്ലോഗറുടെ വീഡിയോയുടെ ഉള്ളടക്കത്തിൽ ഒരു ഭാഗത്തും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഒരു പരാമർശവും ഇല്ലെന്നും കേസ് എടുക്കേണ്ടതായ ഒരു വിഷയവും വീഡിയോയിൽ ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്. നഗരസഭ ചെയർപേഴ്സണിന്റെ പരാതിയിൽ വ്ലോഗറെ വിളിച്ചു വരുത്തി മൊഴിയെടുക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ തന്റെ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് നഗരസഭ ചെയർപേഴ്സൺ നിത ഷഹീറിന്റെ തീരുമാനം. തന്റെ പദവിയെയോ പ്രവർത്തനങ്ങളിലെ വീഴ്ചകളെയോ ചൂണ്ടിക്കാണിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല എന്നാൽ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനാലാണ് പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നാണ് നഗരസഭ ചെയർപേഴ്സൺ നിത ഷഹീർ വ്യക്തമാക്കുന്നത്.