സാംസങ് ഗാലക്‌സി എസ്27 സീരീസ് ലോഞ്ച് ഉടൻ!

സാംസങ് ഗാലക്‌സി എസ്27 സീരീസിൽ വൻ മാറ്റങ്ങളുണ്ടാകുമെന്ന് സൂചന. ഡിസൈൻ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ തുടങ്ങി വമ്പൻ പരിഷ്‌കരണങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഗാലക്‌സി എസ്26 സീരീസിൽ മൂന്ന് മോഡലുകളാണുള്ളതെങ്കിൽ പുതിയ എസ്27 നിരയിൽ നാല് മോഡലുകൾ എത്തിയേക്കും. സ്റ്റാൻഡേർഡ് ഗാലക്‌സി എസ്27, പുതുതായി അവതരിപ്പിക്കുമെന്ന് കരുതുന്ന എസ്27 പ്രോ, എസ്27 പ്ലസ്, എസ്27 അൾട്രാ എന്നിവയായിരിക്കും ഈ മോഡലുകൾ.
ക്യാമറ ഐലൻഡിന്റെ രൂപകൽപ്പനയിൽ ഐഫോൺ പ്രോ മോഡലുകളോട് സാമ്യമുള്ള മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് പുറത്തുവന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ക്യാമറ ലെൻസുകളുടെ സ്ഥാനക്രമത്തിൽ വ്യത്യാസമുണ്ടാകും. പുതിയ മോഡലുകളിൽ ബിൽറ്റ്-ഇൻ മാഗ്നറ്റുകൾ ഉൾപ്പെടുത്താനും സാംസങ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇത് മാഗ്‌സേഫിന് സമാനമായ വയർലെസ് ചാർജിങ് സംവിധാനത്തിനും മാഗ്നറ്റിക് ആക്‌സസറികളുടെ ഉപയോഗത്തിനും സഹായകമാകും.
ഗാലക്‌സി എസ്27 സീരീസിലെ പ്രോ, അൾട്രാ മോഡലുകളിൽ പ്രൈവസി ഡിസ്‌പ്ലേ സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തിയ പതിപ്പ് ലഭിച്ചേക്കും. ഗാലക്‌സി എസ്26 അൾട്രയിൽ അവതരിപ്പിച്ച ഈ ഫീച്ചർ, ഫോണിന്റെ സ്‌ക്രീനിലുള്ള വിവരങ്ങൾ വശങ്ങളിൽ നിൽക്കുന്നവർക്ക് കാണാൻ കഴിയാത്തവിധം മറയ്ക്കാൻ സഹായിക്കുന്നതാണ്.
എസ്27 പ്രോയിൽ 10 അല്ലെങ്കിൽ 12 മെഗാപിക്‌സൽ ടെലിഫോട്ടോ ക്യാമറ ലഭിച്ചേക്കും. അതേസമയം, എസ്27 അൾട്രയിൽ 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 50 മെഗാപിക്‌സൽ സെൻസറായിരിക്കും ഉണ്ടാകുകയെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പ്രീമിയം മോഡലുകളിലും 16 മെഗാപിക്‌സൽ സെൽഫി ക്യാമറയും പ്രതീക്ഷിക്കുന്നുണ്ട്.
ഗാലക്‌സി എസ്27 സീരീസിന്റെ ഔദ്യോഗിക ലോഞ്ച് തീയതി സാംസങ് പ്രഖ്യാപിച്ചിട്ടില്ല. 2027 ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്ലസ്, അൾട്രാ മോഡലുകൾക്കിടയിലെ പുതിയ പ്രീമിയം ഓപ്ഷനായിരിക്കും എസ്27 പ്രോ എന്നാണ് വിലയിരുത്തൽ. ഇതിന്റെ പ്രാരംഭ വില 1,200 മുതൽ 1,399 ഡോളർ വരെയാകാമെന്നാണ് ആദ്യഘട്ട കണക്കുകൂട്ടലുകൾ. അതായത് ഏകദേശം 1.13 ലക്ഷം മുതൽ 1.32 ലക്ഷം രൂപ വരെ. എസ്27 അൾട്രയുടെ വില ഇതിലും ഉയർന്നേക്കാം. എന്നാൽ ഔദ്യോഗിക വിലവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

