സൂപ്പർ ലീഗ് കേരളയിൽ ആവേശപ്പോരാട്ടം; കാലിക്കറ്റ് എഫ്‌സിയെ വീഴ്ത്താൻ കൊമ്പന്മാർ ഇന്നിറങ്ങും

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കാലിക്കറ്റ് എഫ്‌സിയെ അട്ടിമറിച്ച് ആരാധകർക്ക് ദീപാവലി സമ്മാനം നൽകാൻ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി ഇന്നിറങ്ങുന്നു. ഇന്ന് വൈകിട്ട് 7.30 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ വിജയം നേടി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സാധ്യതകൾ ശക്തമാക്കുകയാണ് കൊമ്പന്മാരുടെ ലക്ഷ്യം. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ മികച്ച റെക്കോർഡാണ് കൊമ്പൻസിന്റെ പ്രധാന ആത്മവിശ്വാസം. ഇവിടെ കളിച്ച മൂന്ന് മത്സരങ്ങളിലും നിശ്ചിത 90 മിനിറ്റിനുള്ളിൽ ടീം പരാജയപ്പെട്ടിട്ടില്ല. ഇതിനുപുറമേ രണ്ട് മത്സരങ്ങളിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിജയവും സ്വന്തമാക്കി. കണ്ണൂർ വാരിയേഴ്‌സിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് മൂന്ന് പോയിന്റ് നേടിയെത്തുന്ന കൊമ്പന്മാർക്ക് ആ വിജയം നൽകുന്ന ആത്മവിശ്വാസവും ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. ഇന്നത്തെ മത്സരത്തിൽ വിജയിക്കാനായാൽ 11 പോയിന്റോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ കൊമ്പൻസിന് സാധിക്കും. എട്ടാം റൗണ്ടിലും സ്വന്തം തട്ടകത്തിൽ തന്നെയാണ് ടീമിന്റെ മത്സരം.

