ആലപ്പുഴയിൽ നവജാതശിശുവിനെ കാണാനില്ല; ബന്ധുവിന് കൈമാറിയെന്ന് മാതാവ്; പൊലീസ് അന്വേഷണം
1 min read

ആലപ്പുഴ: ചേർത്തലയിൽ യുവതിയുടെ നവജാത ശിശുവിനെ കാണാനില്ല. പ്രസവിച്ച് യുവതി വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാതായതോടെ സംശയം തോന്നി ആശാ പ്രവർത്തകരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കുഞ്ഞിനെ കൈമാറിയതാകാമെന്നതാണ് പ്രാഥമിക സംശയം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ട് വീട്ടിലെത്തിയത്. എന്നാൽ ഒപ്പം കുഞ്ഞുണ്ടായിരുന്നില്ല. ഇതോടെയാണ് നാട്ടുകാർക്കും ആശാപ്രവർത്തകർക്കും സംശയം തോന്നിയത്. പൊലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ തൃപ്പൂണിത്തുറയുള്ള ബന്ധുക്കളായ ദമ്പതികൾക്ക് കൈമാറിയെന്നാണ് യുവതി നൽകിയ പ്രാഥമിക മൊഴി. വളർത്താൻ സാമ്പത്തികമില്ലാത്തതിനാലാണ് കുട്ടിയെ നൽകിയതെന്നും ഇവർ പറഞ്ഞു. യുവതിക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്. മാതാവിനേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
