നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയില്‍; ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ നില മോശമായതിനെത്തുടർന്ന്
1 min read

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയെന്ന് വിശേഷിപ്പിക്കുന്ന മുതിർന്ന നടി കവിയൂർ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി. ദിവസങ്ങളായി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നടിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്. ആരോഗ്യസ്ഥിതി നല്ലതല്ലാത്തതിനാല് കഴിഞ്ഞ കുറച്ചേറെ കാലങ്ങളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വിശ്രമജീവിതത്തിലായിരുന്നു. കവിയൂർ പൊന്നമ്മ. നടിയുടെ തിരിച്ച് വരവിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും സിനിമാലോകവും. അതേ സമയം അമ്മയുടെ അസുഖം ഗുരുതരമായതിനെ തുടർന്ന് വിവരമറിഞ്ഞ് അമേരിക്കയിലുള്ള ഏകമകൾ ബിന്ദു അമ്മയെ കാണാൻ നാട്ടിലെത്തിയെങ്കിലും മടങ്ങി പോയി. അടുത്ത കാലത്തായി കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന തരത്തിൽ നടിയെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ചെറിയ പ്രായത്തിൽ മലയാള സിനിമയിൽ അഭിനയിച്ച് തുടങ്ങിയ പൊന്നമ്മ എഴുനൂറിൽപരം സിനിമകളിൽ അഭിനയിച്ചു. വർഷങ്ങളായി അമ്മ കഥാപാത്രങ്ങളാണ് നടി ചെയ്‌തിരുന്നത്. സൂപ്പർതാരങ്ങളുടെയടക്കം അമ്മയായി അഭിനയിച്ചതിലൂടെ നടി മലയാളികളുടെയും പ്രിയപ്പെട്ട അമ്മമാരിൽ ഒരാളായി മാറി.
